തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ ആരോപണം ഗൗരവം ഉള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ വിജയന്‍ ചെയ്‌തത് തെറ്റ് തന്നെയാണെന്നും ട്രിബ്യൂണലിന്‍റെ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വീണ വിജയനെതിരെ ഉയർന്ന ആരോപണം പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും നിയമസഭയിൽ ഉന്നയിക്കേണ്ട സന്ദർഭത്തിൽ അത് ഉന്നയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരു തെറ്റുമില്ല. ഒരിക്കലും അഴിമതി ആരോപണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ കഴിയില്ല. അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ അത് എഴുതി വേണം ഉന്നയിക്കാൻ. അഴിമതി ആരോപണത്തിന് ഒരിക്കലും അടിയന്തര പ്രമേയം അവതരിപ്പിച്ച ചരിത്രം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണത്തിലും പ്രതികരണം:താന്‍ കെപിസിസി പ്രസിഡന്‍റ് ആയിരുന്നപ്പോഴുംപ്രതിപക്ഷ നേതാവായിരുന്നപ്പോഴും പാർട്ടിക്ക് വേണ്ടി സംഭാവന പിരിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മൾ പിരിക്കുന്ന സംഭാവനകളെല്ലാം പാർട്ടി അക്കൗണ്ടിലുള്ള കാര്യമാണ്. പാർട്ടിയുടെ നടത്തിപ്പിന് വേണ്ടി പൊതുജനങ്ങളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങേണ്ടി വരും. അത് കേരളത്തിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. അതല്ലാതെ മറ്റ് കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല.
തന്നെ സംബന്ധിച്ച് കാര്യങ്ങള്‍ വളരെ വ്യക്തമാണ്. താനും ഉമ്മൻചാണ്ടിയും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരുന്ന സമയത്ത് ഫണ്ടുകൾ പിരിച്ചിട്ടുണ്ട്. പിരിച്ച ഫണ്ടുകളുടെ മുഴുവന്‍ വിവരങ്ങളും പാർട്ടി അക്കൗണ്ടിൽ ഉള്ളതാണ്. മാധ്യമങ്ങൾ പറയുന്നത് താൻ ഒളിച്ചോടിയെന്നാണ്. എന്നാൽ എപ്പോഴും ഇതേ കുറിച്ച് സംസാരിക്കേണ്ട എന്ന് കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.