തിരുവനന്തപുരം : ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ താൻ കൊടുത്ത പല കേസുകളിലും എസ് മണികുമാർ അടയിരുന്നു. സ്‌പ്രിംഗ്ലര്‍, വെള്ളപ്പൊക്കം തുടങ്ങി വിവിധ വിഷയങ്ങളിൽ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഒന്നും ചെയ്‌തില്ല.
സർക്കാരിനെതിരായ അഴിമതി കേസുകൾ മണികുമാർ ഒതുക്കി. അദ്ദേഹത്തെ ഇപ്പോൾ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആക്കാൻ പോവുകയാണ്. ലോകായുക്തയിൽ പോലും ഇപ്പോൾ നീതി കിട്ടാത്ത സാഹചര്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
മുഖ്യമന്ത്രി കടലാസ് മാനേജറെ പോലെ: കടലാസ് കമ്പനികളുടെ മാനേജറെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലുള്ള വിവിധ യൂണിയനുകൾ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
also read:എഐ ക്യാമറ ഇടപാടിലെ രേഖകൾ പുറത്തുവിട്ട് കെൽട്രോൺ; നടപടി പ്രതിപക്ഷാരോപണം ശക്തമായിരിക്കെ
പുകമറ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയും കൂട്ടരുമാണ്. മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഉപകരാറിനെ കുറിച്ചൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.