തിരുവനന്തപുരം :ദേശാഭിമാനി പത്രാധിപരായിരുന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നതനായ സിപിഎം നേതാക്കളില്‍ ഒരാള്‍ 2 കോടി 35 ലക്ഷം രൂപ കൈതോല പായയില്‍ പൊതിഞ്ഞ് കൊച്ചിയില്‍ നിന്ന് ഇന്നോവ കാറിന്‍റെ ഡിക്കിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്‌താവനയില്‍ പറഞ്ഞു .
ആരോപണത്തില്‍ ഉന്നതതല അന്വേഷണം അത്യാവശ്യമാണ്. ഈ ഉന്നതനായ നേതാവ് ആരാണെന്ന് ജനങ്ങള്‍ അറിയണം. പണം കടത്തലുമായി ആര്‍ക്കൊക്കെ ബന്ധമുണ്ടെന്ന് കണ്ടെത്തണം. പണം കടത്താന്‍ ഒത്താശ ചെയ്‌തയാള്‍ ഇപ്പോള്‍ സര്‍ക്കാരിന്‍റെ ഭാഗമാണെന്നും ആരോപണത്തിലുണ്ട്. ഈ വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുന്നവരെ വിളിച്ച് വരുത്തി മൊഴിയെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നു. എന്നാല്‍ സര്‍ക്കാറിലെ ഉന്നതനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണം കണ്ടില്ലെന്ന് നടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ എന്താണ് നടക്കുന്നത് ? തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുകയും കോടികളുടെ വെട്ടിപ്പും തട്ടിപ്പും നടത്തുകയും ചെയ്യുന്ന ഭരണകൂടത്തിന് കീഴില്‍ ജനങ്ങള്‍ അത്താഴ പട്ടിണിക്കാരായി മാറുകയാണെന്നും മുന്‍ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
കൊവിഡ് വ്യാപനം പോലെയാണ് സിപിഎം പാര്‍ട്ടിക്ക് എതിരെയുള്ള അഴിമതികള്‍ പുറത്ത് വരുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി നിസാരവത്കരിക്കരുത്. ഊര്‍ജ്ജിതമായി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം ഉന്നത നേതാവ് 2.35 കോടി രൂപ കൈതോലപ്പായയില്‍ കെട്ടി കാറിന്‍റെ ഡിക്കിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നാണ് ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി ശക്തിധരന്‍ ആരോപണം ഉയര്‍ത്തിയത്. ഫേസ് ബുക്കിലൂടെയാണ് ശക്തിധരന്‍ സിപിഎമ്മിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ടൈംസ് സ്‌ക്വയര്‍ വരെ പേരുകേട്ട കള്ള് ചെത്ത് തൊഴിലാളിയുടെ മകനും ഇപ്പോള്‍ കോടീശ്വരനുമായ നേതാവിന്‍റെ കാര്യം പറയാനുണ്ടെന്ന ആമുഖത്തോടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കൊച്ചി കലൂരിലെ ദേശാഭിമാനി ഓഫിസില്‍ നടന്ന കാര്യമാണിതെന്നാണ് ജി ശക്തിധരന്‍ പറയുന്നത്. താന്‍ കൂടി സഹായിച്ചാണ് ഇത്തരത്തില്‍ ശേഖരിച്ച പണം എണ്ണി തിട്ടപ്പെടുത്തിയതെന്നും അത് രണ്ട് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുണ്ടായിരുന്നുവെന്നും ശക്തിധരന്‍ ആരോപിക്കുന്നു. ഈ തുക കൈതോലപ്പായയില്‍ കെട്ടി ഇന്നോവ കാറിന്‍റെ ഡിക്കിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
ഇന്ന് മന്ത്രിസഭയിലുള്ള ഒരംഗം കൂടി ആ കാറില്‍ ഉണ്ടായിരുന്നതായും ശക്തിധരന്‍ ആരോപിക്കുന്നു.എന്നാല്‍ ആ പണം എന്ത് ചെയ്തെന്ന് അറിയില്ല. അത് ഇരുളില്‍ മറഞ്ഞു. പണം എവിടെ പോയെന്ന് വ്യക്തമാക്കണമെന്നും ശക്തിധരന്‍ ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തില്‍ ഒരു കോടീശ്വരന്‍ കോവളത്തെ ഹോട്ടലില്‍ വച്ച് രണ്ട് പായ്ക്കറ്റുകള്‍ പാര്‍ട്ടിക്കായി ഇതേ നേതാവിന് കൈമാറിയിരുന്നു. എന്നാല്‍ പാര്‍ട്ടി സെന്‍ററില്‍ ഒരു പായ്ക്കറ്റ് മാത്രമാണ് എത്തിയത്. ഇതില്‍ 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതേ വലിപ്പത്തിലുള്ള മറ്റൊരു പായ്ക്കറ്റ് എകെജി സെന്‍ററിന് എതിര്‍ വശത്തുള്ള നേതാവിന്‍റെ ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. ഇതെല്ലാം അന്നത്തെ എകെജി സെന്‍ററിലെ ജീവനക്കാര്‍ക്ക് അറിവുള്ളതാണെന്നും ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.