തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ കസ്റ്റംസ് ചോദ്യം ചെയാനിരുന്ന റമീസിൻ്റേത് അപകട മരണമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അതേ സമയം കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട രാമനാട്ടുകര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തിരുവഞ്ചൂർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കീഴിൽ പൊലീസ് സംവിധാനം തകർന്ന് തരിപ്പണമായതിനാലാണ് ഇത്തരം അക്രമ സംഭവങ്ങളെന്നും തിരുവഞ്ചൂർ പറഞ്ഞു.