തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം പദ്ധതി ജനാധിപത്യ വിരുദ്ധമെന്ന് പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ചരിത്രകാരനുമായി രാമചന്ദ്ര ഗുഹ. വിഴിഞ്ഞം ജനകീയ സമിതി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച 'വിഴിഞ്ഞം തുറമുഖ പ്രത്യാഘാത പഠന റിപ്പോർട്ട്' പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിപ്രായം തേടാതെ നടപ്പിലാക്കിയ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട് (Ramachandra Guha on vizhinjam international sea port).
ലോകത്തെ ഒരു സർവകലാശാലയ്ക്കും തയ്യാറാക്കാൻ കഴിയാത്ത ഗവേഷണ റിപ്പോർട്ടാണിത്. ബിജെപി, എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ നടപ്പാക്കിയ പദ്ധതി സുതാര്യമല്ലെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ 13 തുറമുഖങ്ങളും 8 വിമാനത്താവളങ്ങളും അദാനിയുടേ കൈയിലാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന കോർപറേറ്റാണ് അദാനി. പഠന റിപ്പോർട്ട് വലിയ സാമൂഹിക പ്രവർത്തനമാണ്.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച പഠനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ ഡ്രാഫ്റ്റായിരുന്നു മത്സ്യബന്ധന ദിനത്തിൽ വിഴിഞ്ഞം ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രകാശിപ്പിച്ചത്. പ്രതിഫലം വാങ്ങാതെയാണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചടങ്ങിൽ ലത്തീൻ അതിരൂപത ബിഷപ് ഫാ യുജിൻ പെരേര പറഞ്ഞു. സർക്കാരിന് ഇതു വരെ സാധിക്കാത്ത കാര്യം നമ്മുക്ക് സാധിച്ചിരിക്കുന്നുവെന്ന് ഫാ തോമസ് ജെ നെറ്റൊ പറഞ്ഞു.
കലാകാലങ്ങളായി മത്സ്യതൊഴിലാളികളെ ബോധപൂർവം ഒഴിവാക്കുന്നു. കൂടുതൽ സ്ഥലങ്ങൾ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള വ്യഗ്രതയിലാണ് സർക്കാർ. തീരദേശ ഹൈവേ, കെ റെയിൽ പോലെയുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.