തിരുവനന്തപുരം:ഇന്ത്യൻ ചിത്രകലയെ ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയ ചിത്രകാരനാണ് രാജ രവിവര്‍മ. ഭാരതീയ ചിത്രകലയെ വിശ്വപ്രസിദ്ധിയിൽ എത്തിച്ച ചിത്രകാരൻ... ഹൈന്ദവ ദൈവങ്ങൾക്ക് മുഖശ്രീ നൽകിയ കലാകാരന്‍... ഭാരതീയ ചിത്രകലയുടെ നവോത്ഥാന നായകന്‍....തുടങ്ങി വിശേഷണങ്ങളേറെയാണ് രാജ രവിവര്‍മയ്‌ക്ക്.
ചിത്രകല യൂറോപ്യന്മാരുടേതാണെന്ന് വിശ്വസിച്ച് പോന്ന ഒരുക്കൂട്ടം ജനങ്ങള്‍ക്കിടയില്‍ സ്വന്തം ചിത്രങ്ങള്‍ കൊണ്ട് ചരിത്രം മാറ്റി കുറിച്ച കലാകാരനാണ് രവി വര്‍മ. വിഖ്യാത ചിത്രകാരനെയും അദ്ദേഹത്തിന്‍റെ കലകളെയും കുറിച്ച് പുതുതലമുറയ്‌ക്ക് കൂടുതല്‍ അറിവ് പകരുന്നതിനായി തലസ്ഥാന നഗരിയില്‍ രാജ രവിവര്‍മ ചിത്രങ്ങളുടെ വിപുലമായ ശേഖരവുമായി പുതിയ ആര്‍ട്ട് ഗാലറി ഒരുങ്ങി.
മ്യൂസിയം പരിസരത്ത് ശ്രീചിത്ര ആർട്ട് ഗാലറിക്ക് സമീപത്തായാണ് രാജാ രവിവർമ ആർട്ട് ഗാലറി ഒരുക്കിയിട്ടുള്ളത്. ഗാലറി സെപ്‌റ്റംബര്‍ 25ന് പൊതുജനങ്ങൾക്ക് തുറന്നുനൽകും. അന്തർദേശീയ നിലവാരത്തോട് കൂടിയാണ് പുതിയ ഗാലറി തയ്യാറാക്കിയിട്ടുള്ളത്.
ശ്രീചിത്ര ആർട്ട് ഗാലറിയിലുള്ള രാജാ രവിവർമയുടെ 43 യഥാർഥ ചിത്രവും പെൻസിൽ സ്‌കെച്ചുകളും പുതിയ ആർട്ട് ഗാലറിയിലാകും ഇനി മുതൽ പ്രദർശിപ്പിക്കുക. ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ കൺസർവേഷൻ ലാബും പുതിയ ആർട്ട് ഗാലറിയിൽ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് നിലകളിലായി സജ്ജമാക്കിയ ഗാലറിയിൽ രാജാരവിവർമ്മയുടെ ചിത്രങ്ങൾ കൂടാതെ അദ്ദേഹത്തിൻ്റെ സഹോദരി മംഗളം ഭായി, സഹോദരൻ രാജവർമ്മ എന്നിവരുടെ ചിത്രങ്ങളും കാഴ്‌ചകള്‍ക്ക് മനോഹാരിതയേകും.