തിരുവനന്തപുരം:എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ ഗ്ലാസില്‍ ഇടിക്കുകയും ഗവര്‍ണറെ കരിങ്കെടി കാണിക്കുകയും ചെയ്‌ത സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്‌ച പറ്റിയെന്ന വിലയിരുത്തലില്‍ രാജ്‌ഭവന്‍ (SFI Black Flag Protest Against Governor Arif Mohammed Khan). ഗവര്‍ണറുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നിലയില്‍ വാഹനം തടയുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നല്‍കാന്‍ രാജ്‌ഭവന്‍ തീരുമാനിച്ചു (Raj Bhavan On SFI Protest Against Governor ). നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇത് സംബന്ധിച്ച നിര്‍ദേശം രാജ്‌ഭവനിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
സംഭവം നടക്കുന്നതിനിടെ പ്രതിഷേധക്കാരെ ഫലപ്രദമായി തടയുന്നതിനും ഗവര്‍ണര്‍ക്ക് കൃത്യമായ സുരക്ഷ ഒരുക്കുന്നതിനും പൊലീസ് ഗുരുതര വീഴ്‌ച വരുത്തിയെന്ന വിലയിരുത്തിലാണ് രാജ്ഭവന്‍. മാത്രമല്ല, പ്രതിഷേധക്കാരെ പിടികൂടുന്നതിന് പകരം അവരെ സുരക്ഷിതമായി വാഹനങ്ങളില്‍ കയറ്റി അയയ്ക്കാന്‍ പൊലീസ് ശ്രമിച്ചതിനെയും രാജ്ഭവന്‍ ഗൗരവമായാണ് എടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സുരക്ഷ ലഭിക്കേണ്ട ഭരണത്തലവന്‍റെ യാത്ര തടസപ്പെടുത്താന്‍ പൊലീസ് തന്നെ ഒത്താശ ചെയ്‌തുവെന്ന ആക്ഷേപമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.
സംഭവത്തില്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത് 18 പേരാണ്. ഇവരില്‍ 11 പേര്‍ക്കെതിരെ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിന് ഐപിസി 353 എന്ന ദുര്‍ബല വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പകരമായി വിവിഐപികളുടെ യാത്ര തടസപ്പെടുത്തുകയും അവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതിന് ചുമത്തേണ്ട ഐപിസി 124 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രാജ്‌ഭവന്‍ ആവശ്യപ്പേട്ടേക്കും.