തിരുവനന്തപുരം: മലയാള സിനിമകൾ തന്‍റെ സിനിമ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചുവെന്ന് കന്നഡ സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രാജ് ബി ഷെട്ടി (Raj b shetty). ലിജോ ജോസ് പെല്ലിശ്ശേരിയുടെ (lijo jose pellissery) ചിത്രങ്ങൾ കണ്ടു കിളി പോയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം 'ടോബി'യുടെ (Tobby) പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു രാജ് ബി ഷെട്ടി.
രാജ് ബി ഷെട്ടി മുഖ്യ കഥാപാത്രമായി എത്തിയ 'ടോബി' എന്ന ചിത്രത്തിലെ പ്രകടനത്തിന് സമൂഹ മാധ്യമങ്ങളിലടക്കം വലിയ അംഗീകാരമാണ് ലഭിച്ച് വരുന്നത്. ഉൾനാടൻ കർണാടക സാമൂഹിക പശ്ചാത്തലത്തിൽ അനാഥനായ ടോബി എന്നയാളുടെ നിസ്സഹായമായ ജീവിത പശ്ചാത്തലം കൊമേർഷ്യൽ ചിത്രത്തിന്‍റെ ചേരുവകളോടെ തയ്യാറാക്കിയ ചിത്രത്തിന്‍റെ തിരക്കഥയും രാജ് ബി ഷെട്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്.
അൻവർ റഷീദിന്‍റെ 'ഉസ്‌താദ് ഹോട്ടൽ' (Ustad hotel) ആയിരുന്നു ആദ്യം കണ്ട മലയാള ചിത്രം. ചെറുപ്പ കാലത്ത് വീട്ടിൽ ടി വി ഉണ്ടായിരുന്നില്ല. പിന്നീടാണ് ടി വി വന്നത്.
ആദ്യം ഡി ഡി വൺ ചാനൽ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഭാഷ ചിത്രങ്ങൾ കാണാൻ കഴിഞ്ഞത് വളരെ വൈകിയാണ്. 'ബാംഗ്ലൂർ ഡേയ്‌സ്', 'ഓം ശാന്തി ഓശാന', 'മഹേഷിന്‍റെ പ്രതികാരം' എന്നീ ചിത്രങ്ങൾ തിയേറ്ററിൽ പോയി കണ്ടു.
വൈകാരികത നിലനിർത്തി കൊണ്ട് തന്നെ കൊമേഴ്സ്യൽ ചിത്രങ്ങൾ നിർമിക്കാനാകുമെന്ന് മലയാള സിനിമകളിൽ നിന്ന് വ്യക്തമായി. വളരെ വലിയ സംവിധായകർ മലയാളത്തിലുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഇ മ യൗ' അതിശയകരമായി തോന്നി.
അങ്കമാലി ഡയറീസും ലിജോ ജോസിന്‍റെ ഇഷ്‌ടപ്പെട്ട മറ്റൊരു സിനിമയാണ്. ദിലീഷ് പോത്തന്‍റെ സിനിമകളോടും താത്പര്യമുണ്ട്. പഴയകാല മലയാള സിനിമകളും ഇനി കാണണമെന്നാണ് ആഗ്രഹം.