തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണം. കടല്‍ പ്രക്ഷുബ്‌ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് വരുന്ന നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരാനുള്ള കാരണമായി കണക്കാക്കുന്നത്. വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിന് സമീപവും ന്യൂനമര്‍ദം രൂപപ്പെട്ടിരുന്നു. മഹാരാഷ്‌ട്ര തീരം മുതല്‍ കേരള തീരം വരെയും ന്യൂനമര്‍ദ പാത്തി നിലനിൽക്കുകയാണ്. ഇതിന്‍റെ ഫലമായാണ് ജൂണ്‍ 25 മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത ഉടലെടുത്തത്.