കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - weather updates today

കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ജൂണ്‍ 4 വരെയുള്ള ചില ദിവസങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത.

rain updates in Kerala  സംസ്ഥാനത്ത് വ്യപാക മഴയ്‌ക്ക് സാധ്യത  എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  യെല്ലോ അലര്‍ട്ട്  മത്സ്യ ബന്ധനത്തിന് വിലക്ക്  സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴ  നിര്‍ദേശവുമായി മുഖ്യമന്ത്രി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  weather updates today  rain updates today in Kerala
സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത

By

Published : May 31, 2023, 6:16 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും. ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മത്സ്യ ബന്ധനത്തിന് ജൂണ്‍ നാലുവരെയുള്ള ചില ദിവസങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മൂന്ന്, നാല് തിയതികളില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഇന്നും ജൂണ്‍ നാലിനും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ മൂന്ന്, നാല് തിയതികളില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ്. ജൂണ്‍ 4ന് സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ സംസ്ഥാനത്ത് മഴ ലഭിക്കുക.

കാലവര്‍ഷത്തിന്‍റെ മഴ മേഘങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കലിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും ആന്‍ഡമാന്‍ തീരത്തുമാണ് കാലവര്‍ഷം എത്തിയത്. വരും ദിവസങ്ങളില്‍ മാലിദ്വീപ് വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും കാലവര്‍ഷം എത്തും. അതിനാല്‍ ജൂണ്‍ 4ന് സംസ്ഥാനത്ത് കാലവര്‍ഷം എത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്.

അതേസമയം രണ്ട് ദിവസം വരെ കാലവര്‍ഷം എത്തുന്നതില്‍ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ വര്‍ഷം കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനവും അതിനായുള്ള സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിര്‍ദേശവുമായി മുഖ്യമന്ത്രി:കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രക്ഷ പ്രവര്‍ത്തനത്തിനായി ഒരു കെട്ടിടം കണ്ടെത്തണമെന്നും അതിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരെ അഗ്‌നി സുരക്ഷ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ രക്ഷാകേന്ദ്രവുമായി ബന്ധിപ്പിക്കണം. ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷംരൂപയും കോര്‍പറേഷന് 5 ലക്ഷം രൂപ വരെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുവാന്‍ അനുവദിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

നഗരമേഖലകളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കാക്കുന്ന മലയോര മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണ ക്യാമ്പയിനും പരിശീലനവും നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details