തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു (Heavy rainfall in Kerala). ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് (Yellow alert districts). മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച അഞ്ച് ജില്ലകളിലും ചൊവ്വാഴ്‌ച മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്‌ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ചൊവ്വാഴ്‌ചയും ആണ് യെല്ലോ അലര്‍ട്ടുള്ളത്.
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. എന്നാല്‍ ഞായറാഴ്‌ചയോടെ (സെപ്‌റ്റംബര്‍ 3) മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴി രൂപപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി മാറും.
തലസ്ഥാനത്ത് ഇന്നലെ (സെപ്‌റ്റംബര്‍ 1) മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കേരള തീരത്ത് ഇന്ന് (സെപ്‌റ്റംബര്‍ 2) രാത്രി 8.30 മുതല്‍ നാളെ (സെപ്‌റ്റംബര്‍ 3) രാവിലെ 11.30 വരെ 0.4 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.