തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ മെയ് 30 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ (27.05.2023) പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 28ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 29ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത രണ്ട് മണിക്കൂറിൽ കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും നിർദേശം നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്‌തു.
നാളെ ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കടലിലിറങ്ങാന്‍ പാടില്ല. മെയ് 28, 29 തീയതികളിലും ഈ പ്രദേശത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ കര്‍ണാടക തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കില്ല.
മഴക്കാലത്തിനായുള്ള മുന്നൊരുക്കങ്ങള്‍: സംസ്ഥാനത്ത് ഇത്തവണ ജൂണ്‍- സെപ്‌റ്റംബര്‍ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതുകൊണ്ട് മഴ മുന്നൊരുക്കങ്ങളും വേണ്ട രീതിയില്‍ സജ്ജീകരിക്കണം. രോഗങ്ങളും ദുരന്തങ്ങളും കൂടുതല്‍ ഉണ്ടാകുക മഴക്കാലത്താണ്. ദുരന്തങ്ങളും രോഗങ്ങളും ഇല്ലാതാക്കാന്‍ വീട്ടില്‍ നിന്ന് തന്നെ മുന്നൊരുക്കങ്ങള്‍ നടത്താവുന്നതാണ്.