തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇന്നലെയാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച (ജൂൺ 12) വരെ കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ തിങ്കളാഴ്‌ച വരെ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ കാലവർഷമെത്തി:തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടി കാലവർഷം വ്യാപിച്ചു. മധ്യ അറബിക്കടലിന്‍റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപ് മേഖലയുടെ മുഴുവൻ ഭാഗങ്ങളിലും കേരളത്തിന്‍റെ ഭൂരിഭാഗം മേഖലയിലും (തിരുവനന്തപുരം മുതൽ കണ്ണൂർ വരെ), തെക്കൻ തമിഴ്‌നാടിന്‍റെ മിക്ക ഭാഗങ്ങളിലും കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളിൽ കാസർകോട് ജില്ലയിൽ കൂടി കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.