തിരുവനന്തപുരം: കാലവർഷം പിൻവാങ്ങൽ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് മഴ തുടരും (Rain Update Kerala). ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ സാധ്യതയാണ് സംസ്ഥാനത്ത് മഴ തുടരാൻ കാരണമാകുന്നത്. നിലവിൽ തെക്ക് കിഴക്കൻ ഉത്തർപ്രദേശിനു മുകളിലും തെക്കൻ ഛത്തീസ്‌ഗഡ് തീരദേശ തമിഴ്‌നാട് എന്നിവിടങ്ങളിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്‍റെ സ്വാധീനത്തിലാണ് മഴ ലഭിക്കുക. വ്യാഴാഴ്‌ച മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വ്യാഴാഴ്‌ച 9 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert in districts): വ്യാഴാഴ്‌ചയോടെ സംസ്ഥാന വ്യാപകമായി മഴ ശക്തമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശനിയാഴ്‌ച വരെ മഴ തുടരും. വ്യാഴാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്‌ച 10 ജില്ലകളിലും ശനിയാഴ്‌ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷം പിൻവാങ്ങുന്നു: രാജ്യത്തുനിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിച്ചതായി കാലാവസ്ഥ വകുപ്പ്. രാജസ്ഥാനിൽ നിന്നാണ് വിടവാങ്ങൽ തുടങ്ങിയത്. സാധാരണ സെപ്റ്റംബർ 17 നാണ് കാലവർഷം വിടവാങ്ങൽ തുടങ്ങേണ്ടത്. എന്നാൽ ഇത്തവണ എട്ട് ദിവസം വൈകിയാണ് വിടവാങ്ങൽ തുടങ്ങിയിരിക്കുന്നത്. അന്തരീക്ഷത്തിലെ മർദ്ദ മേഖലയിൽ എതിർ ചുഴലി രൂപപ്പെടൽ, അഞ്ചുദിവസമായി മഴ ഒഴിഞ്ഞു നിൽക്കുക, ഉപഗ്രഹ നിരീക്ഷണത്തിൽ അടക്കം അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ സാന്നിധ്യം ഇല്ലാതിരിക്കുക തുടങ്ങിയവയാണ് കാലവർഷം വിടവാങ്ങി എന്ന് സ്ഥിരീകരിക്കുന്നതിൻ്റെ മാനദണ്ഡം. കേരളത്തിൽ നിന്നാകും കാലവർഷം അവസാനമായി പിൻവാങ്ങുക.