തിരുവനന്തപുരം:മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വിവധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി. റവന്യൂ, പൊലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷ സേന, ഫിഷറീസ്, തീരദേശ പൊലീസ്, ജലസേചനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും ദുരന്ത നിവാരണ സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തരം പ്രദേശങ്ങളില്‍ അടിയന്തരമായി ക്യാമ്പുകള്‍ സജ്ജീകരിച്ച് ജനങ്ങളെ മാറ്റി പാര്‍പ്പിക്കണം. കൊവിഡ് മാനദണ്ഡം പാലിച്ചാകണം ക്യാമ്പുകള്‍ സജ്ജമാക്കേണ്ടത്. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്‌ന്ന പ്രദേശങ്ങളില്‍ മുന്‍കൂട്ടി ക്യാമ്പുകള്‍ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.
ജില്ല, താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകിട്ട് എഴ് മണി മുതല്‍ രാവിലെ എഴ് മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കണം. നദികളിലെ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, പോസ്റ്റുകള്‍, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.