തിരുവനന്തപുരം : മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തെക്ക്-കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമറിനുമിടയിൽ തീരം തൊടും. ഇതിന്‍റെ സ്വാധീന ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ബുധനാഴ്‌ചയോടെ മഴ സജീവമാകുമെന്നും മുന്നറിയിപ്പുണ്ട്.
എന്നാൽ ഇന്ന് സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബുധനാഴ്‌ച (17-05-2023) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.