തിരുവനന്തപുരം:റെയിൽവേ ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിയം ചെല്ലമംഗലം സ്വദേശി ആർ.എസ് സജിത്തിനെ (42)ആണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എഞ്ചിനീയറാണ് സജിത്. ഇയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
റെയിൽവേ ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ - kochuveli railway station
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എഞ്ചിനീയറായ സജിത്തിനെയാണ് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
മൂന്ന് വർഷമായി സജിത് കൊച്ചുവേളിയിൽ ജോലി ചെയ്യുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടി കാണിച്ചതോടെ അധിക ജോലിഭാരം നൽകി പീഡിപ്പിക്കുന്നുവെന്ന് സജിത് ഭാര്യ അശ്വനിയോട് പറഞ്ഞിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തിനെതിരെയും സ്ഥലം മാറ്റം ആവശ്യപ്പെട്ട് കൊണ്ടും റെയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് സജിത് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു വിധ നടപടിയും ഉണ്ടായില്ല. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന സജിത് ഇന്ന് രാവിലെ 5.30ഓടു കൂടി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതായി ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. സജിത് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും നിലവിലില്ലെന്ന് സജിത്തിന്‍റെ അച്ഛൻ എം.രവികുമാർ പറഞ്ഞു. സജിത്തിനും ഭാര്യ അശ്വതിക്കും 16 വർഷത്തിന് ശേഷം ഒരു കുഞ്ഞ് ജനിച്ചിട്ട് ഇപ്പോൾ ആറ് മാസമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ സജിതും കുടുംബവും ഏറെ സന്തോഷത്തിലാണ് കഴിഞ്ഞുവന്നതെന്നും അച്ഛൻ പറഞ്ഞു. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.