തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. നാളെ (ജനുവരി 10) യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ജനുവരി 9) പുലർച്ചെ 6 മണിക്ക് പത്തനംതിട്ടയിലെ അടൂരിലെ വീട്ടിൽ നിന്നുമാണ് രാഹുൽ മാങ്കൂട്ടത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തത് (Youth Congress March).
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ വീണ്ടും വൈദ്യ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുണ്ടായത് (Rahul Mankottathil Arrest).
രാഹുലിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചതിനെ തുടർന്ന് പ്രവർത്തകർ പ്രകോപിതരാവുകയും ചെയ്‌തിരുന്നു. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ പ്രവർത്തകർ പൊലീസ് വാഹനം തടയാൻ ശ്രമം നടത്തി.
വഴി നീളെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് കാവലിലായിരുന്നു രാഹുൽ മാങ്കൂട്ടത്തെ പൂജപ്പുര ജയിലിലെത്തിച്ചത്. സംഭവത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.