തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്‍റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil). പോലീസിന്‍റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും താൻ ഒരു നിയമപ്രതിരോധവും നടത്തുന്നില്ലെന്നും രാഹുൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ (Youth congress organizational election) വ്യാജ തെരഞ്ഞെടുപ്പ് കാർഡ് നിർമ്മിച്ച കേസിൽ (Rahul Mamkootathil in fake id case) തിരുവനന്തപുരം മ്യൂസിയം പോലീസിന് മുന്നിൽ ഹാജരായതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 2:30 വരെയായിരുന്നു രാഹുലിന്‍റെ മൊഴി രേഖപ്പെടുത്തിയത്.
വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടില്ല. ആര് വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. തന്‍റെ മൊഴിയെടുപ്പാണ് നടന്നത്, ചോദ്യം ചെയ്യലല്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9:30 ഓടെ കേസിലെ മറ്റു പ്രതികളായ അഭി വിക്രം, ഫെനി നൈനാൻ, വികാസ് കൃഷ്‌ണ, ബിനിൽ ബിനു എന്നിവര്‍ എത്തിയിരുന്നു. മറ്റൊരു പ്രതിയായ എം ജെ രഞ്ജു ഇപ്പോഴും ഒളിവിലാണ്. കെപിസിസി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് തനിക്കറിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അന്വേഷണത്തോട് താൻ സഹകരിക്കുന്നു. അത് ധാർമിക ഉത്തരവാദിത്തമാണ്. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ: ചോദ്യം ചെയ്യലിനല്ല സാക്ഷി മൊഴി രേഖപ്പെടുത്താനാണ് തന്നെ വിളിപ്പിച്ചതെന്നും ഇന്നലെയാണ് നോട്ടീസ് ലഭിച്ചതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു. യാതൊന്നും ഒളിക്കാനും മറക്കാനും ഇല്ലെന്നും യാതൊരു ആശങ്കയും ഇല്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന ആരോപണത്തിൽ ഏത് അന്വേഷണവും നടക്കട്ടെ എന്നും നേരത്തെ അദ്ദേഹം പ്രതികരിച്ചിരുന്നു. സുതാര്യമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് പോയത്. സാങ്കേതിക മികവുള്ള ഏജൻസിയാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ആശങ്കകളും പരാതികളും പറയാൻ സമയം ലഭിച്ചിരുന്നുവെന്നും ആ സമയത്ത് പലരും ഉന്നയിച്ച പരാതികൾ പരിഹരിക്കുകയും ചെയ്‌തു എന്നും രാഹുൽ പറഞ്ഞു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. പരാതി ആർക്കും കൊടുക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ALSO READ:വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് തെരെഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. കൂടാതെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും പൊലീസ് തീരുമാനിച്ചു.
ALSO READ:'ഡിവൈഎഫ്ഐ വിജയൻ സേന'; തല അടിച്ചു പൊളിക്കുന്നതാണോ രക്ഷാപ്രവർത്തനമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ