തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി നാളെ കോട്ടയം പുതുപ്പള്ളിയിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് വിവരം ട്വിറ്ററില്‍ പങ്കുവച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയില്‍ തങ്ങളുടെ പ്രിയ നേതാവിന് ആദരവോടെ വിടനല്‍കുമെന്നും കെ സി വേണുഗോപാല്‍ ട്വീറ്റില്‍ പറഞ്ഞു.
ജൂലൈ 18ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ഏറെ നാളായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വിദഗ്‌ധ ചികിത്സകൾക്കായി ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉമ്മൻ ചാണ്ടിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് ഒരു കോൺഗ്രസ് നേതാവിന്‍റെ വീട്ടിലായിരുന്നു അദ്ദേഹത്തെ പരിചരിച്ചിരുന്നത്. ജൂലൈ 17 ന് അർധരാത്രിയോടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് സമീപത്ത് തന്നെയുള്ള ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രക്തസമ്മര്‍ദം വളരെയധികം താഴുകയും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്‌തതോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം സംഭവിച്ചു. മകന്‍ ചാണ്ടി ഉമ്മന്‍ ആണ് മരണ വിവരം പങ്കുവച്ചത്.
Also Read:Oommen chandy | മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു
കേരളത്തിന്‍റെയും ഇന്ത്യയുടെയും ഊര്‍ജമായിരുന്നു - രാഹുല്‍ ഗാന്ധി :ഉമ്മൻ ചാണ്ടിയുടെ മൃതദേഹം മുൻ മന്ത്രി ടി ജോണിന്‍റെ ബെംഗളൂരിലെ ഇന്ദിരാനഗറിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു. കേരളത്തിന്‍റെയും ഇന്ത്യയുടെയും ഊർജമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവായിരുന്നു അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ഇഷ്‌ടപ്പെടുന്നവരെയും ഞാൻ അനുശോചനം അറിയിക്കുന്നു' -രാഹുൽ ഗാന്ധി പറഞ്ഞു.
ഉമ്മൻ ചാണ്ടി ഒരു ബഹുജന നേതാവായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. 'അദ്ദേഹത്തിന്‍റെ മരണം രാജ്യത്തിന് തീരാനഷ്‌ടമാണ്. രാജ്യത്തുടനീളമുള്ള നിരവധി നേതാക്കൾ പിന്തുടരുന്ന ജനസമ്പർക്ക പരിപാടി അദ്ദേഹമാണ് ആദ്യമായി ആരംഭിച്ചത്. നേതാവെന്ന നിലയിൽ അദ്ദേഹം എപ്പോഴും ജോലിയിൽ വ്യാപൃതനായിരുന്നു.
ഊണും ഉറക്കവും പോലും അദ്ദേഹം ചിന്തിച്ചിരുന്നില്ല. ജനസേവനം മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. അത്രയും വലിയ നേതാവിനെയാണ് നമുക്ക് നഷ്‌ടമായത്' - കെ സി വേണുഗോപാൽ പറഞ്ഞു.
Also Read:'കേരളത്തിലെ ജനങ്ങളുടെ യഥാർഥ നേതാവ്'; അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും
ഇന്നലെ (ജൂലൈ 18) ആണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. വിവിധയിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം ഇന്ന് (ജൂലൈ 19) ജന്മനാടായ കോട്ടയം പുതുപ്പള്ളിയില്‍ എത്തിക്കും. കോട്ടയം തിരുനക്കര മൈതാനത്തും സ്വവസതിയിലും പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ (ജൂലൈ 20) പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.