നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്നതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് തിയതികളെ കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ആദ്യവാരത്തില്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയതോടെ രാഷ്‌ട്രീയ പാർട്ടികൾ കൂടുതല്‍ ഊർജസ്വലതയോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങും. നിയമന വിവാദം, ആഴക്കടല്‍ മത്സ്യബന്ധന കരാർ വിവാദം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിരോധത്തിലായ പിണറായി സർക്കാരിന് ആശ്വാസമെന്ന നിലയില്‍ പ്രീ പോൾ സർവേ ഫലങ്ങൾ വന്നു തുടങ്ങി. ആദ്യഘട്ടത്തില്‍ സ്വകാര്യ ചാനലുകൾ നടത്തിയ സർവേ ഫലമാണ് വന്നത്. അതേസമയം, പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. സർക്കാർ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ സമവായ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തില്‍ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹര സമരത്തിലേക്ക് കടന്നു. അതിന് അനുഭാവം പ്രകടിപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ ദിവസവും സെക്രട്ടേറിയറ്റിന് മുന്നില്‍ സമര പരമ്പര സൃഷ്‌ടിക്കുന്നുണ്ട്. അതിനിടെ, നിരാഹാരസമരം തുടരുന്ന യൂത്ത് കോൺഗ്രസ് നേതാക്കളും എംഎല്‍എമാരുമായ ഷാഫി പറമ്പില്‍, കെഎസ് ശബരിനാഥൻ എന്നിവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. ഐശ്വര്യകേരള യാത്ര സമാപനത്തിലേക്ക് കടക്കുമ്പോൾ കൂടുതല്‍ ആരോപണങ്ങളാണ് സർക്കാരിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന യാന കരാർ വിവാദത്തില്‍ ചെന്നിത്തല വീണ്ടും തെളിവുകൾ പുറത്തു വിട്ടു. കരാർ റദ്ദാക്കിയാണ് സർക്കാർ അതില്‍ നിന്ന് തല്‍ക്കാലം തടിയൂരിയത്. കരാറിലെ ധാരണാ പത്രം ഒപ്പിടാനുണ്ടായ സാഹചര്യം പരിശോധിക്കാനും അന്വേഷിക്കാനും ആഭ്യന്തര സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എൻസിപിയില്‍ നിന്ന് പുറത്തുപോയ പാലാ എംഎല്‍എ മാണി സി കാപ്പൻ നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്ന പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫില്‍ ചേരാൻ തീരുമാനിക്കുകയും ചെയ്തു. തത്വത്തില്‍ എല്‍ഡിഎഫിന് ഒപ്പമുണ്ടായിരുന്ന എൻസിപി പിളർന്ന് കേരളത്തില്‍ പുതിയൊരു രാഷ്‌ട്രീയ പാർട്ടി കൂടിയുണ്ടായി.