കേരളം

kerala

ETV Bharat / state

നഗരസഭയുടെ ബജറ്റ് സമ്മേളനത്തിലും 'രാഹുല്‍ ഗാന്ധിയുടെ അയോഗ്യത'; യുഡിഎഫ് പ്രതിഷേധത്തെ പിന്തുണച്ച് എല്‍ഡിഎഫ്, ബഹളവുമായി ബിജെപി - യുഡിഎഫ്

തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും, ബഹളവുമായി ബിജെപി കൗണ്‍സിലര്‍മാര്‍

Etv Bharat
Etv Bharat

By

Published : Mar 25, 2023, 6:27 PM IST

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടി മുന്‍നിര്‍ത്തി തിരുവനന്തപുരം നഗരസഭയുടെ ബജറ്റ് സമ്മേളനത്തിൽ വാക്കേറ്റം. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജനാധിപത്യത്തിനേറ്റ വെല്ലുവിളിയാണിതെന്നും യുഡിഎഫ് പാർലമെന്‍ററി പാർട്ടി അധ്യക്ഷൻ പദ്‌മകുമാർ കൗൺസിലിൽ അറിയിച്ചത്തോടെയാണ് തർക്കം ആരംഭിച്ചത്. ബജറ്റിനായി കൂടിയ സമ്മേളനത്തിൽ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ബിജെപി കൗൺസിലർമാരായ ഗിരികുമാർ, പത്മകുമാർ, അനിൽ കുമാർ എന്നിവര്‍ തിരിച്ചടിച്ചു.

എന്നാല്‍ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എൽഡിഎഫ് പാർലമെന്‍ററി പാർട്ടി അധ്യക്ഷൻ ഡി.ആർ അനിലും വ്യക്തമാക്കി. ഇതോടെ ബിജെപി കൗൺസിലർമാർ വലിയ ബഹളമുണ്ടാക്കി തുടങ്ങി. ഇന്നലെ രാജ്യം മുഴുവൻ ചർച്ച ചെയ്‌ത വിഷയങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നതിൽ തർക്കമില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പറഞ്ഞത്തോടെ ബിജെപി കൗൺസിലർമാർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളി ആരംഭിക്കുകയായിരുന്നു.

പ്രതിഷേധം തുടരവേ മേയർ ആര്യ രാജേന്ദ്രൻ ബജറ്റ് യോഗത്തിന്‍റെ ആമുഖ പ്രസംഗം ആരംഭിക്കുകയായിരുന്നു. ഏകദേശം ഒരു മിനിറ്റ് നേരത്തെ പ്രതിഷേധത്തിന് ശേഷം ബിജെപി കൗൺസിലർമാർ ഇരുന്നത്തോടെ ബജറ്റ് നടപടികൾ ആരംഭിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി മേയർ പി.കെ രാജു ബജറ്റ് അവതരിപ്പിച്ചു.

ബജറ്റില്‍ എന്തെല്ലാം : നഗരസഭയുടെ ബജറ്റില്‍ മാലിന്യ പരിപാലനത്തിനായി 43 കോടി രൂപയുടെ മാലിന്യ പരിപാലന പാക്കേജിന് തുക വകയിരുത്തി. 2023 -24 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം വീടുകളിൽ ബയോ കിച്ചൺ ബിന്നുകൾ സ്ഥാപിക്കുക, നഗരത്തിൽ 100 തുമ്പൂർമുഴി മാതൃക മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഒരുക്കുക, നഗരത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ 80 ശതമാനം വീടുകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയും ഇതിനുകീഴില്‍ വരും. ഹരിത സേന അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക, കിച്ചൺ ബിന്നുകളിൽ ഇനോക്കുലം വിതരണത്തിനും അവ പരിശോധിച്ച് ഉപഭോക്താക്കൾക്ക് സാങ്കേതിക സഹായം നൽകാനും ഹരിത കർമ്മ സേനയെ പര്യാപ്‌തമാക്കുന്ന നിലയിൽ പരിശീലനം നല്‍കി ഗ്രീൻ ടെക്‌നീഷ്യന്മാരാക്കി മാറ്റുന്നതും ഇതില്‍ ഉള്‍പ്പെടും.

എല്ലാ വാർഡുകളിലും മാലിന്യ പരിപാലനം കൈകാര്യം ചെയ്യാനായി കേന്ദ്രീകൃത നിയന്ത്രണ സംവിധാനവും, ഇതിന് പുറമെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 10 പുതിയ കേന്ദ്രീകൃത നിയന്ത്രണ സംവിധാനവും ആരംഭിക്കുക, ട്രാഷ് ബൂം സംവിധാനം ഉപയോഗിച്ച് സമുദ്രത്തിലേക്കുള്ള അജൈവ മാലിന്യങ്ങളുടെ ഒഴുക്ക് തടയുക, എന്‍റെ നഗരം സുന്ദര നഗരം രണ്ടാം ഘട്ട പ്രചരണം, ഇ വേസ്‌റ്റ്, നാപ്‌കിൻ, ഡയപ്പർ എന്നിവ തടയാൻ പുതിയ പദ്ധതി, ജൈവ അജൈവ മാലിന്യങ്ങളെ തരം തിരിക്കുന്നതിന് ഹരിത കർമ്മ സേനാംഗങ്ങളോടൊപ്പം റെസിഡന്‍റ്സ് അസോസിയേഷനുകൾക്കും നഗരസഭ ജീവനക്കാർക്കും പരിശീലനം നൽകുക, മാലിന്യ പരിപാലനത്തിനായുള്ള പ്രൊജക്റ്റ്‌ സെക്രട്ടേറിയറ്റ് വിപുലീകരിക്കുക, മാലിന്യ നീക്കത്തിന്‍റെ നിരീക്ഷണത്തിനായി 24 മണിക്കൂർ കോൾ സെന്‍റർ ആരംഭിക്കുക. മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നവർക്കുള്ള മേയേഴ്‌സ് അവാർഡ് നല്‍കുക എന്നീ പദ്ധതികൾക്കായാണ് 43 കോടി രൂപ വകയിരുത്തിയത്.

ABOUT THE AUTHOR

...view details