തിരുവനന്തപുരം: എ ഐ കാമറ പദ്ധതി പൊലീസിൽ നടപ്പിലാക്കിയത് പോലെ ബിഒടി അടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു ശുപാർശ, എന്നാൽ സർക്കാർ ബൂട്ട് അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ച് കെൽട്രോണിന് കൈമാറിയെന്ന് മുൻ ഗതാഗത കമ്മിഷണർ ആർ ശ്രീലേഖ. കെൽട്രോൺ തയ്യാറാക്കിയ ധാരണാപത്രം സർക്കാർ അംഗീകരിച്ചാണ് ഒപ്പിട്ടത്. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചതെന്നും ശ്രീലേഖ തന്‍റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിൽ പറഞ്ഞു.
2018 ലാണ് ഗതാഗത വകുപ്പിൽ സേഫ് കേരള പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്താകെ വാഹന ഗതാഗതം സുരക്ഷിതമാക്കുക എന്ന വലിയ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. സേഫ് കേരള പദ്ധതിയിൽ ഉൾപ്പെട്ട ഒരു പദ്ധതിയായിരുന്നു പ്രധാനപ്പെട്ട നിരത്തുകളിൽ എ ഐ കാമറകൾ സ്ഥാപിക്കുക എന്നത്. കെൽട്രോൺ ആണ് ആദ്യമായി പദ്ധതിക്കായുള്ള പ്രൊപ്പോസൽ സമർപ്പിച്ചത്.
താൻ ഗതാഗത കമ്മിഷണറായി ചുമതലയേൽക്കുമ്പോൾ തന്നെ പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞിരുന്നു. ടെക്‌നിക്കൽ കമ്മിറ്റി യോഗങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ഗതാഗത സെക്രട്ടറിയായിരുന്ന ജ്യോതിലാലായിരുന്നു. താനും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ആർ ശ്രീലേഖ പറഞ്ഞു.
അതേസമയം എ ഐ കാമറ പദ്ധതിയിൽ പ്രതിപക്ഷം അഴിമതി ആരോപണം ആവർത്തിച്ച് ഉന്നയിക്കുമ്പോഴും ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കാനാണ് ഗതാഗത വകുപ്പിനന്‍റെ തീരുമാനം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എ ഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട നുണക്കഥകളുടെ ആയുസൊടുങ്ങിയെന്ന് എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് കരാർ നൽകിയെന്ന ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ടിട്ടും തെളിവിന്‍റെയോ വസ്‌തുതയുടെയോ കണിക പോലും പുറത്തു വിടാൻ പ്രതിപക്ഷത്തിന് സാധിച്ചില്ലെന്നും രമേശ് ചെന്നിത്തല പുറത്തുവിടുന്ന രേഖകൾ പൊതു മണ്ഡലത്തിൽ ലഭ്യമായവയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരേ നുണ ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് കേരള സമൂഹത്തെ പരിഹസിക്കുകയാണ്. ജനങ്ങൾ തിരസ്‌കരിച്ചതു കൊണ്ടാണ് ചെന്നിത്തലയ്‌ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്‌ടപ്പെട്ടതെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.
ഒരു ലക്ഷം രൂപ വിപണിയിൽ വിലയുള്ള കാമറയ്‌ക്ക് 10 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയതെന്നും അതിന് കെൽട്രോൺ ടെണ്ടർ ഉറപ്പിക്കുകയും ചെയ്‌തെന്ന് ആവർത്തിച്ച് പറയുന്നത് ഭരണ പരിചയമുള്ള ഒരു പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ലെന്നും സമാനമായ കാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്‌ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ ചെന്നിത്തലയും കൂട്ടരും എന്തുകൊണ്ടാണ് തയാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. പുതുതായി വരുന്ന പദ്ധതികളിൽ വിവാദം സൃഷ്‌ടിച്ച് തകർക്കാനുള്ള ഗൂഢാലോചനയിൽ മുൻ പ്രതിപക്ഷ നേതാവ് പ്രധാന കണ്ണിയായി മാറുന്നത് ദൗർഭാഗ്യകരമാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
Also Read:ഒരേ നുണ ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് കേരള സമൂഹത്തെ പരിഹസിക്കുന്നു; എം വി ഗോവിന്ദൻ