തിരുവനന്തപുരം: ആർ പ്രഗ്യാനന്ദയും നിഹാൽ സരിനും ഏറ്റുമുട്ടിയാൽ ആര് ജയിക്കും..? ഒരാൾ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസനെ വിറപ്പിച്ച ആർ. പ്രഗ്യാനന്ദ (R Praggnanandhaa) മറ്റൊരാൾ 2017 ലെ ഇന്‍റർനാഷനൽ ചെസ് ടൂർണമെന്‍റിൽ ആറു ഗ്രാൻഡ് മാസ്റ്റർമാരെ വരെ കുരുക്കിയ മലയാളി കൂടിയായ നിഹാൽ സരിൻ (Nihal Sarin). ഒടുവിൽ ആദ്യമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ പ്രഗ്യാനന്ദയ്ക്ക് വിജയം. സംസ്ഥാന കായിക വകുപ്പും ക്യൂബൻ കായിക വകുപ്പും ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചെസ് ഫെസ്റ്റിവലിലാണ് (Chess Festival) ഇരുവരും കരുക്കൾ നീക്കിയത് .
10 റൗണ്ടുകളുമായി രണ്ട് മണിക്കൂർ മത്സരം. ക്ഷമയോടെ സൂക്ഷ്‌മ നീക്കങ്ങളുമായി താരങ്ങൾ. അതിലും സൂക്ഷ്‌മതയോടെയും നിശബ്‌ദതയോടേയും കാണികൾ. ഒടുവിൽ ആദ്യ റൗണ്ടിൽ വിജയം പ്രഗ്യാനന്ദയ്ക്ക്. തൊട്ടടുത്ത റൗണ്ട് നിഹാലിനും. കളിയുടെ അവസാനം 7 റൗണ്ട് വിജയത്തിൽ പ്രഗ്യാനന്ദയും. 2 റൗണ്ട് തന്‍റേതാക്കി നിഹാൽ സരിനും. ഇടയിൽ ആറാം റൗണ്ട് സമനിലയിൽ.
കരുത്തുറ്റ എതിരാളികൾക്കൊപ്പമുള്ള മത്സരങ്ങൾ കൂടുതൽ കരുത്തു പകരുമെന്നും വിജയിച്ചെങ്കിലും മത്സരം ദുഷ്‌കരമായിരുന്നുവെന്നാണ് പ്രഗ്യാനന്ദയുടെ അനുഭവം. മാഗ്നസ് കാൾസനുമായും മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് നിഹാലും പറഞ്ഞു. ചെസിനെ ഇഷ്‌ടപ്പെടുകയെന്നതാണ് അതിൽ വിജയം നേടാനുള്ള മാർഗ്ഗം. ഇത്തരം ഫെസ്റ്റിവലുകൾ പുതിയ താരങ്ങളെ കണ്ടെത്തുമെന്നും ചെസ്സ് എന്ന കായിക ഇനത്തിനുള്ള പ്രോത്സാഹനമാണിതെന്നും ഇരുവരും പറഞ്ഞു.