തിരുവന്തപുരം: ഉടമയുടെ അനുവാദമില്ലാതെ മതിലും, ഗേറ്റും പൊളിച്ച് മാറ്റിയതായി പരാതി. മുന്നറിയിപ്പുകൾ ഇല്ലാതെ റോഡ് നിർമ്മാണ കരാറുകാർ നടത്തിയ അതിക്രമത്തിന് നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വീട്ടുടമ. കുടപ്പനമൂട് പാറശാല ഒന്നാം റീച്ച് മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഉടമയുടെ അനുവാദമില്ലാതെ മതിലും ഗേറ്റും കരാറുകാർ പൊളിച്ചുനീക്കിയത്.
വെള്ളറട സ്വദേശി വിനോദിന്‍റെ മതിലും ഗേറ്റുമാണ് കരാറുകാർ ജെസിബി ഉപയോഗിച്ച് പൊളിച്ചത്. സമീപത്തെ സജിയുടെ മതിലും ഇത്തരത്തിൽ പൊളിച്ചു. വീട്ടുകാർ ആരും ഇല്ലാത്ത സമയത്താണ് മതിലും ഗേറ്റും തകർത്തത് എന്നാണ് പരാതി.
മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് വിനോദിന്‍റെ വീടിന്‍റെ മതില്‍ ഇടിച്ചു മാറ്റി സ്ഥലം ഏറ്റെടുത്തിരുന്നു. പിന്നീട് ഇവിടെ റോഡ് വീതി കൂട്ടുകയും, ഓട നിർമിച്ച് സ്ലാബ് ഇട്ടശേഷം റോഡിൽ ടാറിങ്ങും ഇട്ടു. റോഡിന്‍റെ നിർമാണ പുരോഗതികൾ നടക്കുന്ന സമയത്ത് പറഞ്ഞിരുന്ന കരാർപ്രകാരം മതിലും ഗേറ്റും പുനഃസ്ഥാപിച്ചു നൽകാമെന്ന് കരാറുകാർ പറഞ്ഞിരുന്നെങ്കിലും കാലതാമസം നേരിടുന്നത് കണക്കിലെടുത്ത് വിനോദ് സ്വന്തം ചെലവിൽ തന്നെ സ്ലാബിട്ട് മതിലും ഗേറ്റും പുനഃസ്ഥാപിച്ചു.
കരാറുകാരന്‍ മുന്നറിയിപ്പില്ലാതെ വീടിന്‍റെ മതില് പൊളിച്ചെന്ന് പരാതി വിനോദിന്‍റെ വീടിനു സമീപത്തായി കരാറുകാർ സ്വകാര്യ വ്യക്തികൾക്ക് പുനഃർനിര്‍മിച്ച് നൽകുന്ന മതിലുകൾക്ക് സമാന്തരമായി തന്നെയാണ് വിനോദ് ഗേറ്റ് പുനഃസ്ഥാപിച്ചത്. വിനോദ് നിർമിക്കുന്ന മതിലിന്‍റേയും ഗേറ്റിന്‍റേയും നിർമാണ പുരോഗതികൾ കണ്ട് ബോധ്യപ്പെട്ട പിഡബ്ല്യുഡി അധികൃതപോലും തർക്കം ഉന്നയിക്കാത്ത സ്ഥലത്തായിരുന്നു കരാറുകാരന്‍റെ അതിക്രമം എന്നാണ് വിനോദിന്‍റെ പരാതി. വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ കരാറുകാർ തയ്യാറായിട്ടില്ല.