തിരുവനന്തപുരം:കേരള പൊലീസിന്‍റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡിജിപി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബിനും പരാതി നല്‍കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സംഭവം രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിവി അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയവുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു.
നിരവധി കേസുകളില്‍ കുറ്റാരോപിതനായ ഇയാളുടെ പക്ഷം എങ്ങനെയാണ് പൊലീസിന്‍റെ വയര്‍ലെസ് സന്ദേശം ലഭിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് സേനയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്നാണ് സംഭവത്തില്‍ നിന്ന് മനസിലാകുന്നതെന്നും എംഎല്‍എ പറഞ്ഞു. വിദേശത്തേക്ക് പോയ ഇയാളുടെ ഭാര്യയുടെയും മക്കളുടെയും കൈവശം ഈ വിവരങ്ങള്‍ ഉണ്ടോയെന്നത് പരിശോധിക്കണമെന്നും പിവി അന്‍വര്‍ പരാതിയില്‍ പറയുന്നു.
ആരും പ്രതീക്ഷിക്കുന്നതിന് അപ്പുറമാണ് ഷാജൻ സ്‌കറിയയുടെ ബന്ധങ്ങൾ. കേരള പോലീസിന്‍റെ എല്ലാ വിവരങ്ങളും അദ്ദേഹം ചോർത്തുന്നുണ്ട്. കൃത്യമായി കേസെടുത്ത് കേരള പൊലീസും കേന്ദ്ര ഏജൻസികളും വിഷയത്തില്‍ അന്വേഷണം നടത്തണം. ഇതിനായുള്ള പ്രത്യേക ഉപകരണങ്ങൾ സ്‌കറിയയുടെ കൈവശമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം.
ഇത്രയും ദിവസമായി അദ്ദേഹത്തെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൃത്യമായി വിദേശത്ത് നിന്നടക്കം ഷാജൻ സ്‌കറിയയ്ക്ക് സഹായം ലഭിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്ക് പോലും അദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല. തനിക്ക് വലിയ സൗഹൃദ വലയങ്ങളുണ്ടെന്ന് അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
സാമൂഹ്യ വിരുദ്ധരാണ് ഇത്തരം മാധ്യമ പ്രവർത്തകർ. ഇയാളുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും ഇനിയും പുറത്ത് വരും. സ്വർണം വാങ്ങാൻ പണം നൽകിയതിന് ശേഷം സ്വർണം മോശമെന്ന് വാർത്ത കൊടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നു. എന്നിട്ട് ജ്വല്ലറി മുതലാളിയെ പേടിപ്പിച്ച് പണം വാങ്ങുകയാണ് ചില യൂട്യൂബർമാർ. ഇവർക്കെതിരെ പൊലീസുകാർക്ക് കേസെടുക്കാൻ പേടിയാണ്. ഇതാണ് നിലവില്‍ നാട്ടിലെ അവസ്ഥ. ഇതിനെതിരെയുള്ള പോരാട്ടത്തിൽ എന്‍റെ പാർട്ടിയും ഗവൺമെന്‍റും പൂർണമായി തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും എംഎല്‍എ പിവി അന്‍വര്‍ പറഞ്ഞു.