തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം നാളെ (സെപ്റ്റംബര്‍ 3) അവസാനിക്കും. സഹതാപതരംഗവും വികസന സംവാദ വെല്ലുവിളികളുമെല്ലാം നിറഞ്ഞുള്ള യുഡിഎഫ്, എല്‍ഡിഎഫ് പ്രചരണം നടന്ന പുതുപ്പള്ളിയില്‍ തുടര്‍ ഭരണം ആരുടെ കൈയിലെന്ന് ഉറ്റുനോക്കുകയാണ് കേരളം. ഉമ്മന്‍ ചാണ്ടി വിടവാങ്ങിയെങ്കിലും പ്രചരണം അവസാനം വരെയും ചുറ്റിത്തിരിഞ്ഞതും അദ്ദേഹത്തില്‍ തന്നെയായിരുന്നുവെന്നതും ശ്രദ്ധേയം.
പ്രചരണം നടന്ന ദിവസങ്ങളിലെല്ലാം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മുന്നണികള്‍ സജീവമായി. പുതുപ്പള്ളി മണ്ഡലത്തിലെ വികസനം സംബന്ധിച്ച് സംവാദത്തിനുള്ള വെല്ലുവിളികള്‍ വരെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയെങ്കിലും സംവാദം മാത്രം നടന്നില്ലെന്നത് വാസ്തവം. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസും മണ്ഡലം മുഴുവന്‍ നിറഞ്ഞ് നിന്നുതന്നെ പ്രചരണം കൊഴുപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി തുടങ്ങിയ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചരണത്തിന് എത്തി. മന്ത്രി വി.എന്‍ വാസവനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുഴുവന്‍ സമയവും പുതുപ്പള്ളിയില്‍ തന്നെയായിരുന്നു.
അതിവേഗത്തിലെത്തി ചാണ്ടി ഉമ്മന്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ജെയ്ക്കും:പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ സ്ഥാനാര്‍ഥി അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെയെന്ന് തീരുമാനിച്ചിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ സ്ഥാനാര്‍ഥി തീരുമാനത്തിനിടെ ചാണ്ടി ഉമ്മനൊപ്പം തന്നെ സഹോദരി അച്ചു ഉമ്മന്റെയും പേര് ഉയര്‍ന്നു വന്നു. ഇതോടെ തീരുമാനം കുടംബത്തിന് പൂര്‍ണമായി വിട്ടു കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്.
ചാണ്ടി ഉമ്മന്‍ എന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. ധാരണ നേരത്തെയുണ്ടായെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ചാണ്ടി ഉമ്മന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ പ്രചരണവും ആരംഭിച്ചു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മത്സരത്തിനിറങ്ങിയ ജെയ്ക് സി തോമസിന്റെ പേരിന് തന്നെയാണ് സിപിഎം ഇത്തവണയും പ്രാമുഖ്യം നല്‍കിയത്. എന്നാല്‍ അതിനിടയിലും ഇടത് സ്വതന്ത്രന്, പ്രാദേശിക സിപിഎം നേതാക്കള്‍ എന്നിവരിലേക്കെല്ലാം ആലോചനയെത്തി. ജില്ല കമ്മറ്റിയുടെ ഉറച്ച നിലപാട് ജെയ്ക് സി.തോമസ് തന്നെ മത്സരിക്കണമെന്നതായിരുന്നു. ഇതോടെയാണ് സംസ്ഥാന നേതൃത്വം ജെയ്ക് സി തോമസിന്റെ പേര് പ്രഖ്യാപിച്ചത്.
ഇതോടെ മണ്ഡലം നിറഞ്ഞ് റോഡ് ഷോയുമായി ജെയ്ക്കും കളം നിറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലാണ് തെരഞ്ഞടുപ്പ് പ്രചരണ പ്രവര്‍ത്തനത്തില്‍ അവസാനമെത്തിയത്. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്തത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ബിജെപിയുടെ പ്രചരണം.
വികസനവും സഹതാപവും പ്രചരണ വിഷയം:ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപതരംഗം എന്നത് ഉറപ്പായ കാര്യമാണ്. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയിലും പൊതുദര്‍ശനങ്ങളിലും സംസ്കാരചടങ്ങിലും അതിന് ശേഷമുള്ള ദിവസങ്ങളില്‍ കല്ലറയില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങളും ഇത് ഉറപ്പ് വരുത്തുന്നതുമാണ്. എന്നാല്‍ ഇതിനിടയിലും രാഷ്ട്രീയ പോരാട്ടമാണ് സിപിഎം ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയെ പുണ്യാളനാക്കാന്‍ ശ്രമം, ചികിത്സ നിഷേധിച്ചു എന്നെല്ലാം ആക്ഷേപങ്ങള്‍ ചില നേതാക്കളുടെ ഭാഗത്ത് നിന്നുമുണ്ടായെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം വികസനം മാത്രം പറയാനുള്ള നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് പുതുപ്പള്ളിയില്‍ വികസന മുരടിപ്പെന്ന പ്രചാരണം എല്‍ഡിഎഫ് ആരംഭിച്ചത്. എന്നാല്‍ വികസനം എണ്ണി പറഞ്ഞ് യുഡിഎഫും രംഗത്തെത്തി.