തിരുവനന്തപുരം:53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയല്ലാതെ ഒരാള്‍ പുതുപ്പള്ളിയില്‍ നിന്ന് എംഎല്‍എയാകാന്‍ പോകുന്നു. അടുത്തമാസം, എട്ടിന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ചരിത്രം വഴിമാറുകയാണ്. 1970ന് ശേഷം, ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാള്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് വണ്ടി കയറിയിട്ടില്ല.
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പിസി ചെറിയാന്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലെത്തി. 1960ലെ തെരഞ്ഞെടുപ്പിലും പിസി ചെറിയാന്‍ തന്നെ വിജയിച്ചു. 1965ലാണ് സിപിഎം ആദ്യമായി പുതുപ്പള്ളിയില്‍ വിജയിക്കുന്നത്. കോണ്‍ഗ്രസിലെ തോമസ് രാജനെ 1835 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഇഎം ജോര്‍ജ് പുതുപ്പള്ളിയെ ചുവപ്പിച്ചു.
എതിരാളികള്‍ മാറിയപ്പോഴും വിജയിച്ചത് ഉമ്മന്‍ ചാണ്ടി തന്നെ:1967ലും 5,552 വോട്ടിന് കോണ്‍ഗ്രസിലെ പിസി ചെറിയാനെ പരാജയപ്പെടുത്തി ഇഎം ജോര്‍ജ് വീണ്ടും മണ്ഡലം ഇടതുമുന്നണിക്കൊപ്പം നിര്‍ത്തി. 1970ലെ തെരഞ്ഞെടുപ്പ് മുതല്‍ പുതിയൊരു ചരിത്രം കുറിക്കുകയായിരുന്നു പുതുപ്പള്ളിയില്‍. 27 വയസുള്ള ഉമ്മന്‍ ചാണ്ടിയെന്ന കെഎസ്‌യു നേതാവ് പുതുപ്പള്ളിയില്‍ മത്സരിക്കാനെത്തി. രണ്ട് തവണ മത്സരിച്ച് വിജയിച്ച ഇഎം ജോര്‍ജിനെ 7,288 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ എതിരാളികള്‍ മാറിയെങ്കിലും വിജയിയുടെ പേര് ഉമ്മന്‍ ചാണ്ടി എന്ന് തന്നെയായിരുന്നു.
വൈകാരികതയ്‌ക്ക് വേദിയായ പുതുപ്പള്ളി:1970ല്‍ ഒരുപിടി യുവനേതാക്കള്‍ നിയമസഭയിലെത്തിയെങ്കിലും തുടര്‍ച്ചയായി എത്തിയത് ഉമ്മന്‍ ചാണ്ടി മാത്രമാണ്. 1977 തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 15,910 വോട്ട്. എതിരാളി പിസി ചെറിയാന്‍. 1980ല്‍ ഭൂരിപക്ഷം 13,659 എതിരാളി എംആര്‍ജി പണിക്കര്‍. 1982ല്‍ ഭൂരിപക്ഷം 15,983 എതിരാളി തോമസ് രാജന്‍. 1987ല്‍ ഭൂരിപക്ഷം 9,164 എതിരാളി വിഎന്‍ വാസവന്‍, 1991ല്‍ 13,811 എതിരാളി വിഎന്‍ വാസവന്‍, 1996ല്‍ ഭൂരിപക്ഷം 10,155 എതിരാളി റെജി സക്കറിയ. 2001ല്‍ ഭൂരിപക്ഷം 12,575 എതിരാളി കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന ചെറിയാന്‍ ഫിലിപ്പ്.
2006ല്‍ ഭൂരിപക്ഷം 19,863 എതിരാളി സിന്ധു ജോയി. 2011ല്‍ ഭൂരിപക്ഷം 33,255 എതിരാളി സൂസന്‍ ജോര്‍ജ്. 2016ലും 2021ലും ജെയ്ക്ക് സി തോമസ് എതിരാളിയായി എത്തിയപ്പോള്‍ ഭൂരിപക്ഷം 27092, 9044 എന്നിങ്ങനെയായിരുന്നു. ചെറുപ്പക്കാരെയും ഇടതുസ്വതന്ത്രരെയും അടക്കം ഇറക്കി സിപിഎം പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനൊപ്പം തന്നെയായിരുന്നു പുതുപ്പള്ളി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് നേമം മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്ന് നിര്‍ദേശം വന്നതിന് പിന്നാലെ തന്നെ ഏറെ വൈകാരികമായ പ്രകടനങ്ങളാണ് പുതുപ്പള്ളിയില്‍ അരങ്ങേറിയത്.
പുതുപ്പള്ളിയിലെ എട്ടില്‍ ആറ് പഞ്ചായത്തും ഇടതുകൈയില്‍:ഉമ്മന്‍ ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി വരെ അരങ്ങേറി. തന്‍റെ പ്രിയപ്പെട്ട പുതുപ്പള്ളി വിട്ട് എങ്ങോട്ടേക്കും ഇല്ലായെന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതോടെയാണ് ഈ പ്രതിഷേധങ്ങള്‍ അവസാനിച്ചത്. ഉമ്മന്‍ ചാണ്ടി മത്സരിച്ചപ്പോഴുള്ള തെരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെയാണെങ്കിലും പുതുപ്പളളിയിലെ രാഷ്ട്രീയം ഇങ്ങനെ കോണ്‍ഗ്രസിന് അനുകൂലമല്ല.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. സിപിഎമ്മിന് ശക്തമായ പാര്‍ട്ടി അടിത്തറയും മണ്ഡലത്തിലുണ്ട്. ഇതാണ് സിപിഎമ്മിന് ആത്മവിശ്വാസം നല്‍കുന്നത്. വാകത്താനം, പാമ്പാടി, മീനടം, അകലക്കുന്നം, അയര്‍ക്കുന്നം, പുതുപ്പള്ളി, മണര്‍ക്കാട്, കുരോപ്പട തുടങ്ങിയ പഞ്ചായത്തുകള്‍ അടങ്ങിയതാണ് പുതുപ്പള്ളി നിയോജക മണ്ഡലം.