തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പകരം വെയ്‌ക്കാനില്ലാത്ത നേതാക്കൻമാരാണ് കെഎം മാണിയും ഉമ്മൻചാണ്ടിയും...ഇരുവരെയും നിയമസഭയിലേക്ക് അയച്ചത് യഥാക്രമം പാല, പുതുപ്പള്ളി എന്നി മണ്ഡലങ്ങളാണ്. അതുകൊണ്ടു തന്നെ കോട്ടയം ജില്ലയില്‍ ഉൾപ്പെടുന്ന പുതുപ്പള്ളിക്കും പാലയ്ക്കും കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യവുമുണ്ട്. കാരണം മറ്റൊന്നുമല്ല, ഇരുമണ്ഡലങ്ങളുടെ ചരിത്രത്തിലും ദീർഘകാലം ജനപ്രതിനിധികളായിരുന്നതും ഇവർ തന്നെ. അതായത് മരണം വരെ.
1965 മുതല്‍ 2016 വരെയുള്ള 13 നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് കേരള കോൺഗ്രസ് നേതാവ് കെഎം മാണി തുടർച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. അതേസമയം 1970 മുതല്‍ തുടർച്ചയായി 53 വർഷം പുതുപ്പള്ളിയിലെ ജനങ്ങൾ തെരഞ്ഞെടുത്തത് ഉമ്മൻചാണ്ടിയെ ആയിരുന്നു. തെരഞ്ഞെടുപ്പുകൾ മാറി മാറി വന്നെങ്കിലും നിയമസഭയിലേക്ക് ഇവര്‍ തന്നെ വണ്ടി കയറി. ഭൂരിപക്ഷത്തില്‍ കുറവുണ്ടായെങ്കിലും പാലാ മണ്ഡലം കെഎം മാണിക്കൊപ്പവും പുതുപ്പള്ളി എന്നും ഉമ്മൻചാണ്ടിക്കൊപ്പവും നിലകൊണ്ടു.
'മരണമൊരു മാറ്റമായി': പക്ഷേ കെഎം മാണിയുടെ മരണ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചിത്രം മാറി. 2019ല്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി തോറ്റു. പിന്നാലെ നടന്ന് പൊതു തെരഞ്ഞെടുപ്പില്‍ മുന്നണി മാറി മത്സരിച്ചെങ്കിലും കെ.എം.മാണിയുടെ മകന്‍ ജോസ് കെ.മാണിയും തോറ്റു. കെഎം. മാണിയുടെ മരണ ശേഷം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ യുഡിഎഫിലും കേരള കോണ്‍ഗ്രസ് എമ്മിലും തര്‍ക്കം രൂക്ഷമായിരുന്നു.
കെ.എം.മാണിയുടെ മരണ ശേഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ ഏക വര്‍ക്കിങ്ങ് ചെയര്‍മാനായിരുന്ന പി.ജെ.ജോസഫായി. ഇത് ജോസ് കെ.മാണ് അംഗീകരിച്ചില്ല. അതോടെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അലങ്കോലമായി. ഇതേതുടര്‍ന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന പോലെ ജോസ്.കെ.മാണി സ്ഥാനാര്‍ത്ഥിയായില്ല. പകരം ജോസ് ടോം കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി.
ജോസ് കെ.മാണിയുടെ ഈ തീരുമാനം അംഗീകരിക്കാതിരുന്ന പി.ജെ.ജോസഫ് പാര്‍ട്ടി ചിഹ്നമായ രണ്ടില പോലും സ്ഥാനാര്‍ഥിക്ക് അനുവദിച്ചില്ല. പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച ജോസ് ടോം 2943 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച മാണി സി.കാപ്പനോട് തോറ്റു. നിരവധി തവണ കെ.എം.മാണിയോട് മത്സരിച്ച് തോറ്റ മാണി സി.കാപ്പന്റെ ആദ്യ വിജയമായിരുന്നു അത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനമാകെ മാറി. യുഡിഎഫില്‍ നിന്ന് ജോസ് കെ.മാണി എല്‍ഡിഎഫിലെത്തി.