തിരുവനന്തപുരം :കേരളത്തിലെ സഞ്ചാരികളുടെ യാത്ര സമയം കുറയ്ക്കുന്ന വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ ഏതാനും ചില സ്റ്റോപ്പുകളിൽ മാത്രം നിർത്തി ആറുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് സഞ്ചാരികളെ എത്തിക്കും. മലയാളികൾ ഏറെ കാലമായി കാത്തിരുന്ന വന്ദേഭാരതിനെ സ്വീകരിക്കാൻ തിരുവനന്തപുരം ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.
കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷു കൈനീട്ടം ആണ് വന്ദേഭാരത് ട്രെയിനെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പ്രകാശ് ജാവദേകർ എംപി ഇ ടി വി ഭാരതിനോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് യാത്ര ദുരിതം. വന്ദേഭാരത് വരുന്നതോടെ കേരളത്തിലെ യാത്രകൾക്ക് വേഗതയില്ല, ശുചിത്വമില്ല എന്നിങ്ങനെയുള്ള ജനങ്ങളുടെ പരാതികൾ നീങ്ങുമെന്നും ബിജെപി വക്താവ് സന്ദീപ് വചസ്‌പതി പറഞ്ഞു.
ഇന്നലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോച്ച് ഫാക്‌ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികൾ ആണുള്ളത്. കണ്ണൂർ വരെയുള്ള വന്ദേഭാരത് ട്രെയിനിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് ഉള്ളത്.
അതിവേഗ ട്രെയിനിന്‍റെ പ്രത്യേകതകൾ ഇങ്ങനെ : 1,128 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാം. ട്രെയിനിന്‍റെ മുന്നിലും പുറകിലും ഡ്രൈവർക്കുള്ള ക്യാബിൻ ഉണ്ട്. ബിജെപിയുടെ യുവം സമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഈ മാസം 25ന് തിരുവനന്തപുരത്ത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ റെയിൽ പാതകൾ വന്ദേഭാരതിന് സജ്ജമായെന്ന നിർദേശത്തെ തുടർന്ന് പരീക്ഷണ ഓട്ടത്തിനായാണ് ട്രെയിൻ ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആരംഭിക്കുന്ന ആദ്യ ഘട്ട സർവീസിന് പരമാവധി വേഗം 100 മുതൽ 110 വരെയാണ്. പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷമാകും അന്തിമ സമയ ക്രമീകരണ പട്ടിക പ്രസിദ്ധീകരിക്കുക.
വന്ദേഭാരത് എക്‌സ്‌പ്രസ്: ഇന്ത്യയിൽ നിർമിക്കപ്പെട്ട അതിവേഗ ട്രെയിൻ ആണ് വന്ദേഭാരത്. 52 മിനുട്ടുകൾ കൊണ്ട് 100 കിലോ മീറ്റർ സഞ്ചരിക്കാൻ ഈ അതിവേഗ ട്രെയിനിന് സാധിക്കും. അതിവേഗ ട്രെയിൻ ആയ വന്ദേഭാരതിന് അതിന്‍റെ പൂർണ വേഗം കേരളത്തിൽ എടുക്കാൻ സാധിക്കില്ല.
പൂർണമായി എയർ കണ്ടീഷൻ ചെയ്‌ത ട്രെയിനിൽ ഓട്ടോമാറ്റിക് ഡോറുകളും എക്‌സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിങ് കസേരകളും ഉണ്ട്. ചെന്നൈ വില്ലിവാക്കത്ത് നിന്നാണ് ട്രെയിൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണ് കേരളത്തിലേത്. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേഭാരത് എക്‌സ്പ്രസ് എത്തുന്നത്.
Also read:കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്‌പ്രസ് ; ചെന്നൈയിൽ നിന്ന് റാക്കുകൾ ഇന്ന് എത്തും, ഫ്ലാഗ് ഓഫ് ഏപ്രില്‍ 25ന്