തിരുവനന്തപുരം : മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി.
ആറ്റിങ്ങല്‍ പിങ്ക് പൊലീസിലെ ഉദ്യാഗസ്ഥ രജിതയെ റൂറല്‍ എസ്.പി ഓഫിസിലേക്ക് സ്ഥലം മാറ്റിയാണ് വകുപ്പുതല നടപടി. ഓഗസ്റ്റ് 27-നാണ് നടപടിയ്‌ക്ക് ആധാരമായ സംഭവം.
നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തില്‍വച്ച മൊബൈല്‍ ഫോണ്‍ സമീപത്ത് നില്‍ക്കുകയായിരുന്ന തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രന്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് ഉദ്യോഗസ്ഥ പരസ്യ വിചാരണ നടത്തുകയായിരുന്നു.
ALSO READ:മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ
ഇയാള്‍ മൊബൈല്‍ മോഷ്ടിച്ചെടുത്ത് മകള്‍ക്ക് കൈമാറിയെന്നായിരുന്നു രജിതയുടെ വാദം. തുടര്‍ന്ന്, സ്റ്റേഷനില്‍ കൊണ്ടുപോയി പിതാവിനെയും കുട്ടിയെയും ദേഹ പരിശോധനയ്ക്ക് വിധേയരാക്കി.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചു.
തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. കുട്ടികളെയുമായി മോഷ്ടിക്കാനിറങ്ങുന്നത് ഇവനൊക്കെ പതിവാണെന്ന് രജിത അധിക്ഷേപിച്ചതായി ഇവര്‍ക്കെതിരായ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡി.ജി.പി അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജയചന്ദ്രന്‍ പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.