തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ 1047 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഏഴാമത് പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരള ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ആദിവാസി ഗോത്രമേഖലയ്‌ക്കും ഭിന്നശേഷി മേഖലയ്‌ക്കും സഹായകരമാകുന്ന പുതിയ പദ്ധതികൾ നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ 1047 കോടി രൂപയുടെ അംഗീകാരം: മന്ത്രി വി.ശിവന്‍കുട്ടി - വി ശിവന്‍കുട്ടി
2022-23 അക്കാദമിക വർഷത്തിൽ സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്രവർത്തന രേഖകളും ഏഴാമത് പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരള ഗവേണിങ് കൗൺസിൽ യോഗം അംഗീകരിച്ചു
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ജീവനക്കാരൻ ഹർഷാദിന്‍റെ മകൻ എട്ടാം ക്ലാസുകാരനായ അബിൻ അർഷാദിന് 18 വയസ് പൂർത്തിയാകുന്നത് വരെയുള്ള പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നതിനും ധനസഹായം നൽകുന്നതിനും സമഗ്ര ശിക്ഷ കേരളയെ യോഗം ചുമതലപ്പെടുത്തി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ ഉൾപ്പെടുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ അധിക പഠന പിന്തുണ സംവിധാനങ്ങൾ സൗജന്യമായി നൽകുവാനും യോഗത്തിൽ തീരുമാനമായി.
സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്‍ററി മേഖലയ്‌ക്ക് 516.11 കോടി രൂപയും സെക്കൻഡറി വിഭാഗത്തിൽ 222.66 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 19.56 കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൂടാതെ 2022-23 അക്കാദമിക വർഷം 5 മേഖലകളിലായി 'സ്റ്റാർസ്' പദ്ധതിയിൽ ഉൾപ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി. 2022-23 അക്കാദമിക വർഷത്തിൽ സമഗ്ര ശിക്ഷ കേരളം വഴി നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്രവർത്തന രേഖകളും കൗൺസിൽ യോഗം അംഗീകരിച്ചു.