തിരുവനന്തപുരം:PT Thomas: പി.ടി.തോമസ് എന്ന ജനകീയ നേതാവ് കുട്ടിക്കാലം മുതല്‍ പിന്നിട്ടത് കനല്‍ വഴികളായിരുന്നു. വിദ്യാഭ്യാസവും രാഷ്‌ട്രീയ ജീവിതവുമെല്ലാം കടുത്ത പരീക്ഷണങ്ങളിലൂടെ തന്നെയാണ് കടന്നു പോയത്. പാലായില്‍ നിന്നും ഇടുക്കിയിലേക്ക് കുടിയേറിയ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം.
അഞ്ച് മക്കളുള്ള കുടുംബം അതിജീവനത്തിനായുള്ള പോരാട്ടം നടത്തുമ്പോള്‍ പി.ടിയുടെ പഠനകാലം ഇതേ പോരാട്ട വഴികളിലൂടെ തന്നെയായിരുന്നു. ഇടുക്കി സെന്‍റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളിലായിരുന്നു സ്‌കൂള്‍ പഠനം. ഈ സ്‌കൂളിലെത്താനായി ദിവസവും പി.ടി.തോമസ് നടന്നത് 24 കിലോമീറ്ററായിരുന്നു.
എന്നാല്‍ ഈ നടത്തത്തില്‍ പിടി തളര്‍ന്നില്ല. 8-ാം ക്ലാസ് മുതല്‍ സ്‌കൂള്‍ ലീഡറായി. തുടര്‍ന്നുള്ള പ്രീഡിഗ്രി പഠനം തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍. അവിടെ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. ഇതോടെ കെ.എസ്.യുവില്‍ സജീവ പ്രവര്‍ത്തകനായി.