തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ സമരം ശക്തമാക്കി. എൽഡിസി റാങ്ക് ഹോൾഡർമാർക്ക് പിന്നാലെ എൽജിഎസ് റാങ്ക് പട്ടികയിലുള്ളവരും സർക്കാർ വഞ്ചിച്ചുവെന്നാരോപിച്ച് സമരം കടുപ്പിച്ചു. വനിത സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർഥികളും അധ്യാപക റാങ്ക് ഹോൾഡർമാരും സമരത്തിനുണ്ട്.
സമരം കടുപ്പിച്ച് ഉദ്യോഗാർഥികൾ
എൽജിഎസ്, എൽഡിസി, വനിതാ സിവിൽ പൊലീസ് ഓഫീസർ എന്നിവയടക്കം 493 തസ്‌തികയിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആഗസ്റ്റ് നാലിന് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയിട്ടും നിയമനങ്ങൾ നടക്കാത്തതിനാലാണ് വീണ്ടും ഉദ്യോഗാർഥികൾ സമരത്തിനെത്തിയത്. അതേസമയം കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്.
പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടണം; സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ സമരം 'സർക്കാർ ഉറപ്പ് പാലിച്ചില്ല'
കഴിഞ്ഞ സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് എൽജിഎസ് ഉദ്യോഗാർഥികളുടെ സമരം. ഉറപ്പുകൾ പാലിക്കപ്പെടണമെങ്കിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണം. ഇക്കാര്യത്തിൽ സർക്കാരിന് അനുകൂല സമീപനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി.
രണ്ടു വർഷമായി ഫിക്സേഷൻ നടക്കാത്തതിനാൽ അധ്യാപക തസ്‌തികകൾ ഉണ്ടാകുന്നില്ലെന്നാണ് അധ്യാപക റാങ്ക് ഹോൾഡർമാർ ചൂണ്ടിക്കാട്ടുന്നത്. അധ്യാപക റാങ്ക് ലിസ്റ്റിൽ നിന്ന് തുച്ഛമായ നിയമനങ്ങൾ മാത്രമാണ് നടന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉദ്യോഗാർഥികളുടെ സമരം ഒഴിവാക്കാൻ ഒത്തുതീർപ്പു വാഗ്‌ദാനങ്ങൾ നിരത്തിയ സർക്കാർ ഉറപ്പുകൾ പാലിച്ചിട്ടില്ല.
റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും അതിൻ്റെ ഗുണം ഉദ്യോഗാർഥികൾക്ക് ലഭിച്ചില്ല. സമരം ചെയ്യുന്ന ഉദ്യോഗാർഥികളിൽ പലർക്കും ഇനി പരീക്ഷയെഴുതാൻ പ്രായം അനുവദിക്കില്ല. മറ്റൊരു ലിസ്റ്റ് നിലവിൽ വരുന്നതുവരെ തങ്ങളുടെ റാങ്ക് ലിസ്റ്റ് നീട്ടി നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
Also read:മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം: മുഖ്യമന്ത്രി