തിരുവനന്തപുരം :എസ്എഫ്ഐ നേതാക്കൾ പ്രതികളായ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിൽ കുറ്റപത്രം തിങ്കളാഴ്‌ച (10.04.2023) കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീല്‍ തോട്ടത്തിലാകും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.
പിഎസ്‌സി പരീക്ഷയുടെ മുന്‍ സംവിധാനത്തിൽ നിന്നും അടിമുടി മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായ കേസായിരുന്നു പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ്. പ്രിലിമിനറി, മെയിൻസ്, ഇന്‍റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടാണ് പരീക്ഷ ഘടനയെ തരംതിരിച്ചിട്ടുള്ളത്. 2018 ജൂലൈ മാസത്തില്‍ നടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് പ്രതികൾ വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയത്.
ഈ പരീക്ഷയിൽ തിരുവനന്തപുരം പാളയം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ ഉയര്‍ന്ന റാങ്കുകൾ നേടിയാണ് ജയിച്ചത്. ശിവരഞ്ജിത്തിന് 1-ാം റാങ്കും നസീമിന് 2-ാം റാങ്കും പ്രണവിന് 28-ാം റാങ്കുമായിരുന്നു ലഭിച്ചത്. യുണിവേഴ്‌സിറ്റി കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന് പിന്നാലെയാണ് പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസ് പുറത്ത് വന്നത്.
പരീക്ഷ ഹാളില്‍ നിന്നും രഹസ്യമായി സ്‌മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണുകൾ എന്നിവയുടെ സഹായത്തോടെ ചോദ്യ പേപ്പര്‍ പുറത്ത് നിന്നിരുന്ന സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, ഗോകുല്‍ എന്നിവര്‍ക്ക് അയച്ചു കൊടുത്തുവെന്നാണ് കേസ്. പരീക്ഷ ഹാളിന് പുറത്ത് നിന്നവരായിരുന്നു ഇവര്‍ക്ക് ഉത്തരങ്ങൾ മൊബൈല്‍ ഫോണ്‍ മുഖാന്തരം അയച്ചു കൊടുത്തിരുന്നത്. പരീക്ഷാഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു മൂന്ന് അധ്യാപകരെയും അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ പ്രതി ചേർത്തിരുന്നെങ്കിലും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം.
കുറ്റപത്രം വൈകാന്‍ കാരണം ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു മുന്‍പ് ക്രൈം ബ്രാഞ്ചിന്‍റെ പക്ഷം. എന്നാല്‍ പിന്നീട് ഫൊറന്‍സിക് ഫലം വന്നെങ്കിലും പ്രതിയും പൊലീസുകാരനുമായ ഗോകുലിനെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് അനുമതി വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്നും കുറ്റപത്രം വൈകുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് രണ്ട് മാസം മുന്‍പ് പ്രോസിക്യൂഷന്‍ അനുമതി നൽകിയത്. ഇതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.
ALSO READ:വിദ്യാർഥികളുടെ കുറവ്; പിഎസ്‌സി വഴി നിയമിതരായ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ പുറത്താക്കും
ആറ് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. എസ്എഫ്ഐ നേതാക്കളും പൊലീസുകാരും ഉള്‍പ്പെട്ട പരീക്ഷ തട്ടിപ്പു കേസ് വ്യാപക ആക്ഷേപമായിരുന്നു ഉയര്‍ത്തിയിരുന്നത്. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും പ്രതിഛായ നശിപ്പിക്കുന്ന തരത്തിലായിരുന്നു പ്രശ്‌നം ഉയര്‍ന്നത്. എസ്എഫ്ഐ സംവിധാനത്തിൽ തന്നെ പാര്‍ട്ടി വലിയ തോതില്‍ അഴിച്ചു പണിയുന്ന സാഹചര്യത്തിലേക്കായിരുന്നു പരീക്ഷ തട്ടിപ്പ് കേസ് നയിച്ചിരുന്നത്.