തിരുവനന്തപുരം:പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസില്‍ ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുത്തുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍ ഗോകുല്‍. ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുത്തു. പ്രണവാണ് പ്രധാന സൂത്രധാരന്‍. ബന്ധുവിന്‍റെ കോച്ചിങ് സെന്‍റര്‍ കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചനയെന്നും ഗോകുല്‍ പറഞ്ഞു. എന്നാല്‍ പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കുറ്റം സമ്മതിച്ച് ഗോകുല്‍ - പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കുറ്റം സമ്മതിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ഗോകുല്‍
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്‌ഥനായ ഗോകുല്‍ പ്രതികള്‍ക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുത്തെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി
ഉദ്യോഗസ്ഥരുടെ പട്ടിക ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ചിട്ടുണ്ട്. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പിഎസ്‌സിയുടെ മറ്റ് റാങ്കുപട്ടികകളും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനായി പിഎസ്‌സിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനം. തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയ ഗോകുല്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.