കേരളം

kerala

ETV Bharat / state

പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പെന്ന് ആരോപണം - psc

ആസൂത്രണ ബോര്‍ഡിലെ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോര്‍ഡിനേഷന്‍, ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ ചീഫ് തസ്‌തികയുടെ റാങ്ക് ലിസ്റ്റിലാണ് ക്രമക്കേട് നടന്നിരിക്കുന്നതെന്നാണ് ആക്ഷേപം .

പി.എസ്.സിയില്‍ വീണ്ടും പരീക്ഷ തട്ടിപ്പെന്ന് ആരോപണം.

By

Published : Oct 12, 2019, 9:22 PM IST

തിരുവനന്തപുരം : പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ പരീക്ഷാ തട്ടിപ്പിന് ശേഷം വീണ്ടും പരീക്ഷാ തട്ടിപ്പെന്ന് ആരോപണം. ആസൂത്രണ ബോര്‍ഡിലെ സോഷ്യല്‍ സര്‍വീസ്, പ്ലാന്‍ കോര്‍ഡിനേഷന്‍, ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് എന്നീ വിഭാഗങ്ങളിലെ ചീഫ് തസ്‌തികയുടെ റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപമുള്ളത്. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന ചിലര്‍ക്ക് ഇന്‍റർവ്യൂവില്‍ മാര്‍ക്ക് വാരികോരി നല്‍കി മുന്നിലെത്തിച്ചുവെന്നാണ് ആരോപണം. ഇടത് സര്‍വീസ് സംഘടനാ ഭാരവാഹികളായ മൂന്ന് പേര്‍ക്കാണ് ഇത്തരത്തില്‍ മാര്‍ക്ക് ദാനം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.

ഇന്‍റര്‍വ്യൂവില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചതോടെയാണ് ഈ മൂന്ന് പേരും ലിസ്റ്റില്‍ മുന്നിലെത്തിയത്. സോഷ്യല്‍ സര്‍വീസ് ഡിവിഷനില്‍ എഴുത്തുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് 91.75 മാര്‍ക്ക് ലഭിച്ച സൗമ്യ പി.ജെ എന്ന് ഉദ്യോഗാര്‍ഥിക്കാണ്. സൗമ്യയ്ക്ക് അഭിമുഖത്തില്‍ ലഭിച്ചത് 40ല്‍ 11 മാര്‍ക്ക് മാത്രമാണ്. എന്നാല്‍ 85 മാര്‍ക്കുള്ള സ്വരാജ് എന്ന ഉദ്യോഗാര്‍ഥിക്ക് 40ല്‍ 36 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിന് നല്‍കിയത്.

ജോസഫൈന്‍, ഷാജി, ബിന്ദു പി വര്‍ഗീസ് എന്നിവരാണ് മൂന്ന് റാങ്ക് ലിസ്റ്റിലേയും ആദ്യ റാങ്കുകാര്‍. അഭിമുഖത്തില്‍ 90 ശതമാനം മാര്‍ക്കാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ഇടത് അനുകൂല സര്‍വീസ് സംഘടനയായ കെ.ജി.ഒ.എയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളാണ്. അഭിമുഖത്തില്‍ 70 ശതമാനത്തിലധികം മാര്‍ക്ക് നല്‍കരുതെന്ന മുപ്പത് വര്‍ഷത്തിലേറെയായി തുടരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പി.എസ്.സിയുടെ ഈ മാര്‍ക്ക് ദാനം.

പ്ലാനിങ് ബോര്‍ഡിലെ മുന്‍പരിചയമാണ് അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ അഭിമുഖത്തില്‍ പങ്കെടുത്ത മറ്റ് പ്ലാനിങ് ബോര്‍ഡിലേയോ കേന്ദ്ര പ്ലാനിങ് വകുപ്പിലേയോ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം കിട്ടിയിട്ടില്ല. ഈ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. കണിശമായും കൃത്യതയോടെയും പ്രവര്‍ത്തിച്ചിരുന്ന പി.എസ്.സിയെ സര്‍ക്കാര്‍ തകര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാര്‍ക്ക് ദാനത്തെ സംബന്ധിച്ച് ഗവര്‍ണര്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details