തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എസ് പ്രശാന്ത്. കോണ്‍ഗ്രസിന്‍റെ അന്തകനാണ് വേണുഗോപാല്‍. ബിജെപി ഏജന്‍റിനെ പോലെയാണ് വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പ്രശാന്ത് ആരോപിച്ചു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ് പ്രശാന്ത്.
Also Read: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ
ഒപ്പം നില്‍ക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. വേണുഗോപാലിനെ ചുമതലയേല്‍പ്പിച്ച സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഭരണത്തില്‍ എത്തിയിരിക്കുകയാണ്. ഇത് സംശയകരമായ പ്രവര്‍ത്തനമാണ്. ഗോവ, രാജസ്ഥാന്‍, പഞ്ചാബ്, കര്‍ണ്ണാടക, ചത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും പ്രശാന്ത് കത്തിൽ പറയുന്നു.
സമൂഹത്തില്‍ സ്വീകാര്യതയില്ലാത്ത ആളാണ് വേണുഗോപാൽ. രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചത് രാജ്യത്താകമാനം കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ബിജെപിയെ നേരിടാത ഒളിച്ചോടിയെന്ന സന്ദേശമാണ് ഇതിലൂടെയുണ്ടായത്. ഇത്തരത്തില്‍ മോശമായ തീരുമാനങ്ങള്‍ക്ക് പിന്നില്‍ വേണുഗോപാലിനെ പോലുളളവരാണെന്നും കത്തിൽ ആരോപിക്കുന്നു.
നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കാണ് ഇപ്പോല്‍ ഡിസിസി പ്രസിഡന്‍റ് സ്ഥാനം നല്‍കിയിരിക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നാണ് പാലോട് രവി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയത്. ക്വാറി മാഫിയയുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പ്രശാന്ത് കത്തില്‍ ആരോപിക്കുന്നു. പാലോട് രവിയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് വിടേണ്ടി വരുമെന്നും പ്രശാന്ത് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.