തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയിലെ അതൃപ്‌തി വെളിപ്പെടുത്തി പിഎസ് പ്രശാന്ത്. ഡിസിസി പ്രസിഡൻ്റുമാരെ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിയാണ് പിഎസ് പ്രശാന്ത് രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിക്കാതെ തീരുമാനം എടുക്കുന്നത് ശരിയല്ലെന്നും പ്രശാന്ത് പറഞ്ഞു.
Also Read: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പിഎസ് പ്രശാന്ത്. സ്ഥാനാർഥികൾ പരാതി ഉന്നയിച്ച പല പേരുകളും ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടികയിലുണ്ടെന്നാണ് പ്രശാന്തിന്‍റെ ആരോപണം. കാലങ്ങളായി സമിതികൾ നൽകുന്ന അന്വേഷണ റിപ്പോർട്ടുകൾ നടപ്പാക്കാത്തതാണ് ആരാലും നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസിനെ മാറ്റിയത്.
പരാതി വന്നവർക്കെതിരെ അച്ചടക്ക നടപടി വേണം. അതിനു പകരം റിവാർഡ് നൽകരുതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. 52 പുതുമുഖ സ്ഥാനാർഥികളെ നിർത്തിയതാൻ് തോൽവിക്ക് കാരണമെന്ന കെ വി തോമസിന്‍റെ പ്രസ്താവന ശരിയല്ല. പലയിടത്തും കുത്തക സീറ്റുകൾ നഷ്ടമായത് എങ്ങനെയാണെന്നും പിഎസ് പ്രശാന്ത് ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മുതിർന്ന നേതാക്കൾക്ക് പിന്നോട്ട് പോകാൻ കഴിയില്ല. ചില നേതാക്കൾക്ക് പെരുന്തച്ചൻ മനോഭാവമാണ്. ഇവർക്കു ശേഷം കോൺഗ്രസ് ഉണ്ടാകരുത് എന്നാണ് ധാരണ. നാൾക്കുനാൾ കോൺഗ്രസ് ഇല്ലാതാകുന്നു. അടി മുതൽ മുടിവരെ പാർട്ടിയിൽ അസംതൃപ്തർ മാത്രമാണുള്ളതെന്നും പിഎസ് പ്രശാന്ത് കുറ്റപ്പെടുത്തി.