കേരളം

kerala

ETV Bharat / state

'കേബിളുകള്‍ ചൈനയില്‍ നിന്ന്', കെ ഫോണ്‍ ടെണ്ടര്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് എജി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് നടപ്പാക്കിയ കെ ഫോണ്‍ പദ്ധതിയില്‍ മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം ലംഘിച്ചെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍റെ റിപ്പോര്‍ട്ട്. പദ്ധതിക്ക് ഉപയോഗിച്ച കേബിളുകളില്‍ 70 ശതമാനം ചൈനയില്‍ നിന്നിറക്കിയതെന്നും എജി റിപ്പോര്‍ട്ട്.

Provisions of K Phone scheme were violated  AG report  AG report in KPhone  കെ ഫോണ്‍ പദ്ധതി  ടെണ്ടര്‍ വ്യവസ്ഥ ലംഘിക്കപ്പെട്ടു  എജി റിപ്പോര്‍ട്ട്  കെ ഫോണ്‍ പദ്ധതി  മേക്ക് ഇൻ ഇന്ത്യ  കെ ഫോൺ പദ്ധതിയില്‍ ടെണ്ടർ വ്യവസ്ഥ  kerala news updates  latest news in kerala
കേബിളുകള്‍ ഇറക്കുമതി ചെയ്‌തത് ചൈനയില്‍ നിന്നെന്ന് എജി റിപ്പോര്‍ട്ട്

By

Published : Jun 8, 2023, 12:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാര്‍ നടപ്പാക്കിയ കെ ഫോൺ പദ്ധതിയില്‍ ടെണ്ടർ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍റെ (എജി) കണ്ടെത്തല്‍. പദ്ധതിയിലെ മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍റെ റിപ്പോര്‍ട്ട്. പദ്ധതിക്കായി ഉപയോഗിച്ച ഒപിജിഡബ്ല്യു കേബിളിന്‍റെ പ്രധാന ഭാഗങ്ങളിലേറെയും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്‌തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എല്‍എസ് കേബിള്‍ എന്ന കമ്പനി നല്‍കിയ ഈ കേബിളുകളില്‍ 70 ശതമാനം ഭാഗം ചൈനയില്‍ നിന്നുള്ളതാണെന്നും കൺസോർഷ്യത്തിൽ പങ്കാളിയായ എൽ എസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്‍റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനീസ് കമ്പനിയുടേതാണെന്നാണ് എജി റിപ്പോർട്ടിൽ പറയുന്നത്. ടെണ്ടർ വ്യവസ്ഥ ലംഘിച്ച് കെ ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), എൽഎസ് കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വഴി വിട്ട സഹായം നൽകിയെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത ഒപ്റ്റിക്കൽ യൂണിറ്റിന്‍റെ ഗുണനിലവാരത്തിൽ ഉറപ്പില്ലെന്ന് കെ ഫോൺ പദ്ധതിയിൽ പങ്കാളികളായ കെഎസ്ഇബിയും ആരോപിക്കുകയും ഇതിന് പിന്നാലെ വിഷയത്തില്‍ ഉന്നതതല സമിതിയുടെ പരിശോധനയും നിർദേശിച്ചിരുന്നു. ഒപ്റ്റിക്കൽ യൂണിറ്റാണ് ഒപിജിഡബ്ല്യൂ കേബിളിന്‍റെ പ്രധാന ഭാഗം.

ഇത് കേബിളിന്‍റെ ഏകദേശം 60 മുതൽ 70 ശതമാനത്തോളം വരും. ഒപ്റ്റിക്കൽ യൂണിറ്റ് നിർമിക്കാനുള്ള സംവിധാനം എൽഎസ് കേബിളിന്‍റെ ഹരിയാനയിലെ ഫാക്‌ടറിയിൽ ഇല്ലെന്ന് മാത്രമല്ല യൂണിറ്റിന് അലൂമിനിയത്തിന്‍റെ ആവരണം നൽകുന്ന ജോലി മാത്രമാണ് ഇവർ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടി എജി ചൂണ്ടിക്കാണിച്ചു. കെഎസ്ഐടിഐഎൽ പ്രതിനിധികൾ ഫാക്‌ടറി സന്ദർശിച്ച് ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയിട്ടും എൽഎസ് കേബിൾ നൽകിയ രേഖകൾ അംഗീകരിച്ച നടപടി വിചിത്രമാണെന്നും എജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. മാത്രമല്ല ഇത്തരം കേബിളുകൾ നിർമിക്കുന്ന രണ്ട് കമ്പനികൾ ഇന്ത്യയ്‌ക്ക് അകത്ത് ഉണ്ടായിരുന്നിട്ടും ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാഹചര്യം എന്താണെന്നും എൽഎസ് കേബിൾ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ചൈനയിലെ ടിജിജി എന്ന കമ്പനിയിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഒപ്റ്റിക്കൽ യൂണിറ്റ് ഇറക്കുമതി ചെയ്‌തിരിക്കുന്നത്. ഇതിന് 220 കെവി ലൈനിന് വേണ്ടി കെഎസ്ഇബി വാങ്ങുന്ന കേബിളിനേക്കാൾ ആറ് മടങ്ങ് വില ഉയർന്നതാണെന്നും അക്കൗണ്ടന്‍റ് ജനറലിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 5 നാണ് സംസ്ഥാനത്ത് കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്.

30,000 സര്‍ക്കാര്‍ ഓഫിസുകളിലും 14,000 വീടുകളിലുമാണ് ആദ്യ ഘട്ടത്തിൽ കെ ഫോണ്‍ കണക്ഷന്‍ നൽകുന്നത്. ഫൈബര്‍ ശ്യംഖലയിലൂടെ സംസ്ഥാനത്താകെ അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടിക പ്രകാരം ആദ്യഘട്ടത്തില്‍ ഓരോ നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളില്‍ കെ ഫോണ്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നൽകും.

also read:കമ്പനിക്ക് അനുകൂലമായി കെ ഫോൺ ടെന്‍ഡര്‍ വ്യവസ്ഥകളിൽ മാറ്റം വരുത്തി; വിവാദമായി പദ്ധതിയിലെ എസ്ആർഐടിയുടെ സാന്നിധ്യം

ABOUT THE AUTHOR

...view details