തിരുവനന്തപുരം:ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിസഹകരണ സമരവുമായി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. തിങ്കളാഴ്‌ച മുതൽ രോഗീപരിചരണം ഒഴികെയുള്ള മറ്റ് സേവനങ്ങളിൽ നിന്ന് ഡോക്‌ടർമാർ വിട്ട് നിൽക്കും. ഓൺലൈൻ ചികിത്സ പ്ലാറ്റ് ഫോമായ ഇ - സഞ്ജീവനി, ഓൺലൈൻ പരിശീലന പരിപാടികൾ, യോഗങ്ങൾ എന്നിവ ബഹിഷ്‌ക്കരിച്ചാണ് നിസഹകരണ സമരത്തിന്‍റെ തുടക്കം.
ഒക്ടോബർ 15 മുതൽ വി.ഐ.പി ഡ്യൂട്ടികൾ ബഹിഷ്‌ക്കരിക്കുന്നതടക്കം നിസഹകരണ സമരം ശക്തമാക്കും. നവംബർ 16 ന് കൂട്ട അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനിൽക്കും. നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് സംഘടനയുടെ തീരുമാനം. എൻട്രി കേഡറിലെ ശമ്പളം വെട്ടിക്കുറച്ചത്, റേഷ്യോ പ്രമോഷൻ നിർത്തലാക്കിയത്, പേഴ്‌സണൽ പേ നിർത്തലാക്കിയത്, റിസ്‌ക് അലവൻസ് അനുവദിക്കാത്തത് എന്നിവയിലാണ് ഡോക്‌ടർമാരുടെ പ്രതിഷേധം.