തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂർ എസ് പി പ്രജേഷ് തോട്ടത്തിന്‍റെ നേതൃത്വത്തിൽ കൂത്തുപറമ്പ് ഡിവൈഎസ്‌പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം അസി.കമ്മിഷണര്‍ പി.കെ പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ ഡി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി.എ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം കൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് സംഘം.
'മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്തു, നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കി' ; റിപ്പോര്‍ട്ട് നല്‍കി വിമാന കമ്പനി, അന്വേഷിക്കാന്‍ പ്രത്യേക സംഘം - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധം
ക്രൈം ബ്രാഞ്ച് കണ്ണൂർ എസ് പി പ്രജേഷ് തോട്ടം പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കും
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് വിമാനക്കമ്പനി പൊലീസിന് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ച കണ്ണൂരില്‍ നിന്ന് 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ല സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവർക്കെതിരെ വലിയതുറ പൊലീസാണ് കേസെടുത്തത്.