തിരുവനന്തപുരം:കേരള സര്‍ക്കാര്‍ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന് (കെ.ജി.എം.ഒ.എ) സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ ഡോക്ടർമാർ ഇന്ന് മുതൽ (01-05.2022) പ്രക്ഷോഭത്തിലേക്ക്. സമയബന്ധിത ഹയർ ഗ്രേഡ്, 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം, റൂറൽ - ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർധന തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് സർക്കാർ കെജിഎംഒഎക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ നിസഹകരണ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
ഡോക്ടർമാരോടുണ്ടായ ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു. എല്ലാവിധ അവലോകന (ഓൺലൈനും, ഫിസിക്കലും) യോഗങ്ങളും ബഹിഷ്കരിക്കും, ട്രെയിനിംഗുകളും ബഹിഷ്കരിക്കും, ഇ സഞ്ജീവനിയിൽ നിന്ന് വിട്ടു നിൽക്കും, വി ഐ പി ഡ്യൂട്ടികൾ ബഹിഷ്കരിക്കും, സ്ഥാപനങ്ങൾക്ക് പുറത്തുള്ള ക്യാമ്പുകൾ, മേളകൾ തുടങ്ങിയവയിൽ പങ്കെടുക്കില്ല, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.