കേരളം

kerala

ETV Bharat / state

പ്രമുഖ ബഹുഭാഷ പണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു - വിശ്വവിജ്ഞാനകോശം

അലിഗഡ് സര്‍വലാശാലയിലെ ആദ്യ മലയാള അധ്യാപകനും സർവ്വവിജ്ഞാനകോശം മുൻ ഡയറക്‌ടറും ബഹുഭാഷ പണ്ഡിതനുമായ ഡോ. വെള്ളായണി അർജുനൻ വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് അന്തരിച്ചു

Etv BharatDr Vellayani Arjunan passed away  Dr Vellayani Arjunan  വെള്ളായണി അർജുനൻ  ഡോ വെള്ളായണി അർജുനൻ അന്തരിച്ചു  വെള്ളായണി അർജുനൻ അന്തരിച്ചു  സർവ്വവിജ്ഞാനകോശം
Etv Bharatപ്രമുഖ ബഹുഭാഷ പണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

By

Published : May 31, 2023, 1:36 PM IST

തിരുവനന്തപുരം :സർവ്വവിജ്ഞാനകോശം മുൻ ഡയറക്‌ടറും ബഹുഭാഷ പണ്ഡിതനുമായ ഡോക്‌ടർ വെള്ളായണി അർജുനൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് നടക്കും.

നാല് ഭാഷ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്‌ടറേറ്റും മൂന്ന് ഡി ലിറ്റുകളും നേടിയിട്ടുണ്ട്. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സർവ്വവിജ്ഞാനകോശം, വിശ്വവിജ്ഞാനകോശം എന്നിവ തയ്യാറാക്കുന്നതിലും മലയാളം മഹാനിഘണ്ടുവിന്‍റെ നിർമാണത്തിലും വെള്ളായണി അർജുനന്‍റെ പങ്ക് ഏറെ സ്‌തുത്യർഹമാണ്.

അലിഗഡ് സര്‍വലാശാലയിലെ ആദ്യ മലയാള അധ്യാപകന്‍, മോഡേണ്‍ ലാംഗ്വേജ് മേധാവി തുടങ്ങിയ മേഖലകളില്‍ സേവനം അനുഷ്‌ഠിച്ച ശേഷമാണ് 1975-ൽ സര്‍വ്വവിജ്ഞാനകോശം ഡയറക്‌ടറായത്. ഇന്നത്തെ പോലെ ഇന്‍റര്‍നെറ്റും മൊബൈൽ ഫോണുകളും ഇല്ലാതിരുന്ന കാലത്ത് എന്ത് സംശയവും തിരയാനുളള സംവിധാനമായിരുന്നു എന്‍സൈക്ലോപീഡിയ എന്ന പുസ്‌തകം. വെള്ളായണി അര്‍ജുനന്‍ ഡയറക്‌ടറായിരുന്നപ്പോഴാണ് വലിയ വിലയുണ്ടായിരുന്ന പുസ്‌തകത്തിന്‍റെ വിവിധ വാള്യങ്ങള്‍ തവണ വ്യവസ്ഥയില്‍ പണം അടച്ച് സ്വന്തമാക്കാമെന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇതോടെയാണ് മിക്ക വീടുകളിലെ ഷെൽഫുകളിലും ഈ പുസ്‌തകം സ്ഥാനം പിടിച്ചത്.

കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ, എംജി സർവകലാശാല സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ് ഡയറക്‌ടർ തുടങ്ങി പല പദവികളും വഹിച്ചു. നാല്‍പ്പതോളം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നിരവധി രചനകള്‍ പാഠപുസ്‌തകങ്ങളായിട്ടുണ്ട്. ഉദയകാന്തി, ഉദ്യാനവിരുന്ന്, ഗവേഷണ മേഖല എന്നീ കൃതികളാണ് സ്‌കൂൾ-കോളജ് തലങ്ങളിൽ സിലബസുകളുടെ ഭാഗമായത്. 'ഒഴുക്കിനെതിരെ' എന്ന ആത്മകഥയും വെള്ളായണി അര്‍ജുനന്‍ രചിച്ചിട്ടുണ്ട്. അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി ശങ്കരപ്പണിക്കരുടെയും പി നാരായണിയുടെയും മകനായി 1933 ഫെബ്രുവരി 10-നാണ് വെള്ളായണി അര്‍ജുനന്‍ ജനിച്ചത്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടിയാണ് ഈ നേട്ടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയത്. വെള്ളായണി മുടിപ്പുര നട ലോവര്‍ പ്രൈമറി സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. തുടര്‍ന്ന് നേമം സര്‍ക്കാര്‍ സ്‌കൂളിലും ചാല സര്‍ക്കാര്‍ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് അര്‍ട്‌സ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം. അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്‌ടറേറ്റ് നേടി. അലിഗഡ്, ആഗ്ര, ജബല്‍പൂര്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്ന് ഡിലിറ്റും നേടി. വ്യത്യസ്‌തങ്ങളായ മൂന്ന് സര്‍വകലാശാലകളില്‍ നിന്ന് ഡി ലിറ്റ് എന്നത് ഇന്നും അപൂര്‍വമാണ്.

40 പുസ്‌തകങ്ങള്‍ കൂടാതെ അഞ്ഞൂറിലധികം ഗവേഷണ പ്രബന്ധങ്ങളും വെള്ളായണി അര്‍ജുനന്‍റേതായുണ്ട്. എ. രാധാമണിയാണ് ഭാര്യ. ഡോ. സുപ്രിയ, സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ് എന്നിവര്‍ മക്കളാണ്. വിരമിക്കലിനുശേഷം വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. വീട്ടിലെ പതിനായിരത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറിയില്‍ തന്നെയായിരുന്നു അവസാന കാലത്തിന്‍റെ ഭൂരിഭാഗവും ഈ പണ്ഡിതന്‍ ചെലവഴിച്ചത്.

ABOUT THE AUTHOR

...view details