തിരുവനന്തപുരം:കഴക്കൂട്ടം മുൻ എംഎൽഎയുംമലയാളത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ മുസ്ലീം വനിതയുമായ പ്രൊഫ. നബീസ ഉമ്മാള്‍ (92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. എംഎല്‍എ , മുനിസിപ്പല്‍ അധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് നെടുമങ്ങാട് വാളിക്കോട് ജുമാമസ്‌ജിദില്‍ നടക്കും.
നിരവധി സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപികയായും പ്രിന്‍സിപ്പാളായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1931 ജൂണില്‍ ആറ്റിങ്ങല്‍ കല്ലനവിളയിലാണ് നബീസ ഉമ്മാളിന്‍റെ ജനനം. നെടുമങ്ങാട് സ്വദേശിയും സൈനികനുമായ എം ഹുസൈന്‍ കുഞ്ഞ് ഹൈസ്‌കൂള്‍ പഠനത്തിനിടെ ജീവിതപങ്കാളിയായി. പിന്നീട് തുടര്‍ പഠനത്തിനും ജോലി കരസ്ഥമാക്കാനും തെരഞ്ഞെടുപ്പിലും മത്സരിക്കാനും നബീസ ഉമ്മാളിന് പിന്തുണയായത് ഹുസൈന്‍ കുഞ്ഞാണ്.
പഠനം പൂര്‍ത്തിയാക്കി 1955 ൽ കോളജ് അധ്യാപിക ആയി ജോലിയില്‍ പ്രവേശിച്ച നബീസ ഉമ്മാള്‍ വിവിധ ജില്ലകളില്‍ ഏഴോളം കോളജുകളില്‍ അധ്യാപികയായി സേവനം അനുഷ്‌ഠിച്ചു. മലപ്പുറം ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പാളായി പ്രമോഷനും ലഭിച്ചു. പിന്നീട് സി എച്ച് മുഹമ്മദ് കോയയുടെ സഹായത്താല്‍ കലാലയ ഓര്‍മകള്‍ ബാക്കി നില്‍ക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലേക്ക് മാറ്റം ലഭിച്ചു.
അങ്ങനെ യൂണിവേഴ്‌സിറ്റി കോളജിലെ മലയാളം വിഭാഗത്തില്‍ നിന്നും പ്രിന്‍സിപ്പാൾ ആകുന്ന ആദ്യ വനിത എന്ന വിശേഷണവും നബീസ ഉമ്മാളിന് സ്വന്തമായി. പഠനം പൂര്‍ത്തീകരിച്ച കോളജില്‍ തന്നെ ഈ നേട്ടം കൈവരിക്കാനായത് നബീസ ഉമ്മാളിന് അഭിമാന മുഹൂര്‍ത്തമായിരുന്നു.
പ്രസംഗ കലയില്‍ അഗ്രഗണ്യ:നര്‍മ്മത്തില്‍ ചാലിച്ച് പ്രസംഗിക്കാനും ക്ലാസെടുക്കാനും ഉള്ള നബീസ ഉമ്മാളിന്‍റെ സിദ്ധി പ്രസിദ്ധമാണ്. ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങള്‍ സ്വായത്തമാക്കിയിരുന്ന നബീസ ഉമ്മാളിന്‍റെ പ്രസംഗങ്ങള്‍ എല്ലാ മതങ്ങളുടെയും മൗലിക തത്വങ്ങള്‍ ഒന്നുതന്നെയാണെന്ന സന്ദേശം പങ്കുവക്കുന്നതായിരുന്നു. ശരീഅത്ത് വിവാദം കത്തി നില്‍ക്കുമ്പോള്‍ നബീസ ഉമ്മാളിന്‍റെ പ്രസംഗം കേള്‍ക്കാനിടയായ ഇഎംഎസ് നമ്പൂതിരിപ്പാട് നബീസയെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി 1987 ല്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിപ്പിച്ചു.
പ്രസംഗ കലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച് നബീസ ഉമ്മാൾ ഇഎംഎസില്‍ നിന്ന് തുടങ്ങിയ ബന്ധം പിണറായി വിജയനില്‍ വരെ നബീസ ഉമ്മാള്‍ കാത്ത് സൂക്ഷിച്ചു. 1986 ൽ പ്രിന്‍സിപ്പാളായി വിരമിച്ച നബീസ ഉമ്മാള്‍ 1987ല്‍ എല്‍ഡിഎഫ് സ്വതന്ത്രയായി കഴക്കൂട്ടത്ത് നിന്ന് വിജയിച്ച് നിയമസഭ സാമാജികയായി. 1991 ല്‍ എം വി രാഘവനോട് കഴക്കൂട്ടത്ത് നിന്ന് പരാജയപ്പെട്ടു. പിന്നീട് നെടുമങ്ങാട് മുനിസിപ്പല്‍ അധ്യക്ഷയായി. അതിനിടെ ഭർത്താവ് എം ഹുസൈന്‍ കുഞ്ഞ് മരണപ്പെട്ടു.
1995 മുതല്‍ 2000 വരെ നഗരസഭ അധ്യക്ഷയായി മികച്ച പ്രകടനം കാഴ്‌ച വച്ചു. കേരള നിയമസഭയുടെ ലൈബ്രറി കമ്മിറ്റിയിലും പിഎസ്‌സി ചോദ്യകര്‍ത്താക്കളുടെ പാനലിലേക്കും നബീസ ഉമ്മാള്‍ നിയമിതയായി. ഇതോടൊപ്പം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച നബീസ ഉമ്മാളിനെ 2000 ത്തില്‍ രാഷ്ട്രപതിയുടെ സ്ത്രീ ശാക്തീകരണ പുരസ്‌കാരവും തേടിയെത്തി.
അനുശോചനം അറിയിച്ച് മുഖ്യമന്ത്രി : നബീസ ഉമ്മാളിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മികച്ച പ്രഭാഷകയും നിയമസഭ സാമാജികയായിരുന്ന നബീസ ഉമ്മാൾ സംസ്ഥാനത്തെ നിരവധി സർക്കാർ കോളജുകളിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗുരുനാഥയായിരുന്നുവെന്നും എ ആർ രാജരാജവർമക്ക് ശേഷം യൂണിവേഴ്‌സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷയും പ്രിൻസിപ്പാളുമാകുന്ന ആദ്യ മലയാള പണ്ഡിതയാണെന്നും ഇടതു പക്ഷത്തോടൊപ്പമാണ് അവർ നിലയുറപ്പിച്ചിരുന്നതെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.