തിരുവനന്തപുരം:പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കണ്ടത് ഭയത്തിന്‍റെയും വഞ്ചനയുടെയും രാഷ്ട്രീയമാണ്. ഇടത് സര്‍ക്കാര്‍ പാര്‍ട്ടി അനുഭാവികളെ പിന്‍വാതിലിലൂടെ എല്ലായിടത്തും തിരുകി കയറ്റി. സര്‍ക്കാര്‍ സ്വജന പക്ഷപാതം കാട്ടുകയാണ്. മത്സ്യ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ ആഴക്കടല്‍ 5,000 കോടി രൂപയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിആര്‍ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ സമയവും പണവും ചിലവാക്കുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് ചോദിച്ചാല്‍ ഒന്നും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.
പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചും പ്രവര്‍ത്തകരെ ആവേശത്തിലാക്കിയും പ്രിയങ്ക
പിആര്‍ പ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ സമയവും പണവും ചിലവാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി
വെഞ്ഞാറമ്മൂടിലെ പ്രിയങ്കയുടെ പൊതുയോഗത്തിനു ശേഷം ഹെലികോപ്‌ടറില്‍ കാട്ടാക്കടയിലെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും സമയം വൈകിയതിനാല്‍ യാത്രയ്ക്ക് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് വെഞ്ഞാറമൂട്ടില്‍ നിന്ന് കാട്ടാക്കടയിലേക്ക് റോഡ് മാര്‍ഗമാണ് പ്രിയങ്ക എത്തിയത്. സമയം രാത്രി ഏഴര കഴിഞ്ഞത് കാരണം കാട്ടാക്കടയിൽ നിന്ന് പൂജപ്പുരയിലേക്കുള്ള ഹെലികോപ്‌ടര്‍ യാത്രയും പൂജപ്പുരയില്‍ നിന്ന് പൂന്തുറയിലേക്കുള്ള റോഡ് ഷോയും റദ്ദാക്കി. അതേ സമയം ആറ്റുകാല്‍ ക്ഷേത്രത്തില്‍ പ്രിയങ്ക ദര്‍ശനം നടത്തി.