തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെ വിമര്‍ശനവുമായി പ്രിയ വര്‍ഗീസ്. ഹൈക്കോടതിയില്‍ കേസ് നല്‍കിയ പട്ടികയിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ അടക്കമുള്ളവരെ വിമര്‍ശിച്ചാണ് പോസ്റ്റ്. മാധ്യമങ്ങളെയും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നണ്ട്.
'ഇപ്പോള്‍ നടക്കുന്നത് ഒരു ജോസഫ് സ്‌കറിയയും പ്രിയ വര്‍ഗീസും തമ്മില്‍ ഒരു അപ്പ കഷ്‌ണത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. പഴയ മുത്തശി കഥകളിലെ പൂച്ചകളെപ്പോലെ, പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയേയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്, പാര്‍ട്ടി പോര്, തലമുറകള്‍ക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്.
ഞാനും കെ കെ രാഗേഷും തമ്മിലുള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ്. ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും', പ്രിയ കുറിപ്പില്‍ പറയുന്നു. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരിക്കുമെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.
റിട്ടയര്‍ ചെയ്യാന്‍ കാലും നീട്ടി ഇരിക്കുമ്പോഴും അസോസിയേറ്റ് പ്രൊഫസര്‍ പോലും ആകാത്ത ഒരാള്‍ ചാനലില്‍ വന്നിരുന്നു എന്‍റെ ചരിത്ര പ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാര്‍ ഭൂമിമലയാളത്തില്‍ ഉണ്ടാവില്ല എന്നൊക്കെ ഗീര്‍വാണമടിക്കുന്നത് കേട്ടപ്പോള്‍ മാന്താന്‍ തോന്നിയ ഇഷ്‌ടം കൊണ്ടാണ് പോരാട്ടത്തിനിറങ്ങിയത്. ആ റാങ്ക് പട്ടികയില്‍ ഉള്ള ഏക സ്‌ത്രീ താന്‍ ആയിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
ഇതോടൊപ്പം അധ്യാപക പരിചയമില്ലെന്ന് പറഞ്ഞ കോടതി വിധിയേയും വിമര്‍ശിക്കുന്നുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരം വൃത്തിയാക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രിയ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം:യഥാര്‍ഥത്തില്‍ ഒരു ജോസഫ് സ്‌കറിയയും ഒരു പ്രിയ വര്‍ഗീസും തമ്മില്‍ ഒരു അപ്പ കഷ്‌ണത്തിന് വേണ്ടി പഴയ മുത്തശി കഥകളിലെ പൂച്ചകളെപ്പോലെ പോയി അപ്പമൊന്നും കിട്ടാതെ തിരിച്ചു വന്ന കഥയെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് പാര്‍ട്ടി പോര് Vs തലമുറകള്‍ക്ക് വേണ്ടിയുള്ള പോര് എന്നൊക്കെ പൊലിപ്പിക്കുന്നത്. എന്‍റെ പൊലിപ്പീരുകാരെ ഒറ്റ ഒരു കാര്യം ചോദിച്ചോട്ടെ ഞാനും കെ കെ രാഗേഷും തമ്മില്‍ ഉള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാര്‍ മാത്രമാണ്, ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും.
അല്ലെങ്കില്‍ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്. ഇനി അതല്ല കെ കെ രാഗേഷ് എന്ന പാര്‍ട്ടി അംഗത്തെ പാര്‍ട്ടി അങ്ങ് പുറത്താക്കി എന്ന് വയ്‌ക്കുക. അപ്പോഴും സ്റ്റോറിലൈന്‍ പൊട്ടും. പാലോറ മാത മുതല്‍ പുഷ്‌പന്‍ വരെയുള്ള ഈ പ്രസ്ഥാനത്തില്‍ കെ കെ രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാന്‍ നിങ്ങള്‍ പഠിച്ച സ്‌കൂളുകളില്‍ ഒന്നും വാങ്ങാന്‍ കിട്ടുന്ന കണ്ണട വച്ചാല്‍ പറ്റില്ല എന്നറിയാം.
എങ്കിലും യഥാര്‍ഥ കാഴ്‌ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം. 2021നവംബര്‍ 18ന് നടന്ന ഒരു ഇന്‍റര്‍വ്യൂവിന്‍റെ (യഥാര്‍ഥത്തില്‍ ഇന്‍റര്‍വ്യൂവിന്‍റെ അല്ല ചുരുക്കപ്പട്ടികയുടെ) റാങ്ക് ലിസ്റ്റ്‌നെ ചൊല്ലിയാണല്ലോ തര്‍ക്കം. (നിയമനവും നിയമന ഉത്തരവ് പോലും സംഭവിച്ചിട്ടില്ല. മാധ്യമ ഭാഷ കണ്ടു തെറ്റിദ്ധരിച്ചു പോകരുത്) ഇതിലിപ്പോ പ്രിയ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ മാത്രം ഒന്നുമില്ല.