പിഎസ് ശ്രീകുമാർ ഉമ്മന്‍ ചാണ്ടിയെ ഓർക്കുന്നു തിരുവനന്തപുരം:ജനങ്ങളെ പുസ്‌തകമായി കണ്ട് വായിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അഞ്ച് വർഷം ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച പിഎസ് ശ്രീകുമാർ. തൊണ്ണൂറുകൾ മുതൽ ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2005ലും 2006ലും മുഖ്യമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം എന്നെ സ്‌റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറിന്‍റെ ഉത്തരവാദിത്വം ഏൽപ്പിച്ചു. തുടർന്ന് 2011-16 കാലയളവിൽ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കാൻ അദ്ദേഹം ക്ഷണിച്ചു. 24 മണിക്കൂറും കർമ്മനിരതനായ നേതാവായിരുന്നു. ആദ്യകാലത്തൊക്കെ അദ്ദേഹത്തോടൊപ്പം ഓടിയെത്താൻ കഴിയുമായിരുന്നില്ല.
ഇത്രയും ദീർഘമായ സമയം ജോലിയിൽ മുഴുവൻ ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നിയിരുന്നു. രാത്രികാലങ്ങളിൽ ആയിരുന്നു അദ്ദേഹം ഫയലുകൾ കൂടുതലും നോക്കിയിരുന്നത്- പിഎസ് ശ്രീകുമാര്‍ പറഞ്ഞു.
ജനസേവകനായിരുന്ന മുഖ്യമന്ത്രി:രാത്രി ഒന്നര രണ്ടു മണിവരെ ജോലിക്ക് ശേഷം മടങ്ങുന്ന പ്രകൃതക്കാരനായിരുന്നു. പുലർച്ചെ തന്നെ തിരികെ വീണ്ടും ഓഫീസിൽ എത്തും. പലപ്പോഴും അദ്ദേഹത്തോടൊപ്പം എത്താൻ സാധിച്ചില്ലെങ്കിൽ പോലും, പിന്നീട് അദ്ദേഹത്തിന്‍റെ ചടുലമായ വേഗതയോടു കൂടി ചേരാൻ ഏകദേശം സാധിച്ചു.
ജനനേതാവ് എന്നതിലുപരി ഒരു ജനസേവകനായിരുന്നു അദ്ദേഹം. പുലര്‍ച്ചെ ആറുമണി മുതൽ അദ്ദേഹത്തിന് ഫോണിലേക്ക് കോളുകൾ വന്നു തുടങ്ങും. ഭൂരിഭാഗം കോളുകളും അദ്ദേഹം നേരിട്ടു തന്നെ സ്വീകരിക്കും. അടുത്തൊരു പേപ്പർ കൂടി ഉണ്ടാവും അതിൽ വിളിച്ച ആളുടെ പേര് മറ്റ് വിവരങ്ങൾ ഫോൺ നമ്പർ എല്ലാം അപ്പോള്‍ തന്നെ കുറിച്ചിടും. ഞങ്ങൾക്കൊക്കെ പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ തെറ്റുപറ്റാറുണ്ട്. എന്നാൽ, അദ്ദേഹത്തിന് ഒരിക്കലും ഇക്കാര്യത്തിൽ തെറ്റ് പറ്റിയതായി കണ്ടിട്ടില്ല.
പലരെയും അദ്ദേഹം തിരിച്ചുവിളിച്ച് അറിയിച്ച ആവശ്യങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കുമായിരുന്നു. ഒരു പരിചയമില്ലാത്ത ആളുകളുടെ കാര്യത്തിൽ പോലും വളരെ കാര്യക്ഷമമായി ഇടപെടും. വലിയ ഓർമ്മശക്തിയും ഗ്രാസ്‌പിങ് പവറും (grasping power) ഉള്ള നേതാവായിരുന്നു- ശ്രീകുമാർ പറഞ്ഞു.
ജനസമ്പര്‍ക്കപരിപാടിയിലൂടെ ജനങ്ങളിലേയ്‌ക്ക്:അദ്ദേഹത്തില്‍ നിന്ന് നേരിട്ട് സഹായം കിട്ടാത്ത ആളുകൾ തന്നെ വളരെ കുറവാണ്. പല ഘട്ടങ്ങളിലായി നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ പത്ത് ലക്ഷത്തോളം ജനങ്ങളെ അദ്ദേഹം നേരിട്ട് കണ്ടു. ഒരു ജനസമ്പർക്ക പരിപാടിയിൽ എത്തിയാൽ അവസാനത്തെ ആളെയും കണ്ടു അവരുടെ പരാതിയുടെ പരിഹാരത്തിന് ഇടപെടൽ നടത്തിയതിനുശേഷം മാത്രമേ അവസാനിപ്പിച്ചിരുന്നുള്ളു.
മുൻകൂട്ടി നിശ്ചയിച്ചതിനു പുറമേ നേരിട്ട് സ്ഥലത്ത് പരാതിയുമായി എത്തുന്ന സാഹചര്യമായിരുന്നു ജനസമ്പർക്ക പരിപാടികളിൽ. ജനസമ്പർക്ക പരിപാടി ലോകത്ത് തന്നെ ആദ്യമായാണ്. അങ്ങനെയാണ് പബ്ലിക് സർവീസിന് വേണ്ടി ഐക്യരാഷ്ട്ര സംഘടന ഏർപ്പെടുത്തിയ ഒരു അവാർഡ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻചാണ്ടിക്ക് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ജനകീയമാക്കിയതിലും അദ്ദേഹത്തിന്‍റെ ഇടപെടൽ ഉണ്ടായി. മുൻപൊക്കെ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട പ്രത്യേക സംവിധാനങ്ങൾ വഴി മാത്രമേ തുക കൈമാറാനാകുമായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹം എല്ലാവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നടത്താനുള്ള സൗകര്യമൊരുക്കി- ശ്രീകുമാര്‍ പറഞ്ഞു.
ജനസമ്പർക്ക പരിപാടിയിലൂടെ നൽകിയ ധനസഹായങ്ങൾ പലതിനും ഇതിലൂടെ അവസരമൊരുങ്ങി. തന്‍റെ ഓഫീസ് ജനങ്ങൾക്ക് എപ്പോഴും വീക്ഷിക്കാനായി വെബ് കാമറ സംവിധാനം ഒരുക്കിയ നേതാവായിരുന്നു. ലോകത്തിന്‍റെ ഏതു മൂലയിൽ ഇരുന്നും ആളുകൾക്ക് അത് കാണാമായിരുന്നു.
അക്കാലത്ത് മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിൽ കയറിയിരുന്നതും സരസമായ ഒരു കാര്യമായിരുന്നു. ഇതും വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ അയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് ഉമ്മൻചാണ്ടി കർശനമായ നിർദേശം നൽകുകയും, ഓഫീസിൽ അതിക്രമിച്ചു കയറിയയാൾക്ക് വേണ്ട ചികിത്സ നൽകാനും നിർദേശം നൽകി.
ഉമ്മന്‍ ചാണ്ടിയിലൂടെ കേരളം കണ്ട വികസനങ്ങള്‍:കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റാൻ കാരണമായ കണ്ണൂർ വിമാനത്താവളം, ബൈപാസ് റോഡ് വികസനം, കൊച്ചി മെട്രോ, ഗ്യാസ് പൈപ്പ് ലൈൻ എന്നിങ്ങനെ നിരവധിയായ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ആലപ്പുഴ, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ബൈപ്പാസുകൾക്ക് വേണ്ടി അദ്ദേഹം വലിയ പരിശ്രമം നടത്തി. കൊച്ചി മെട്രോയുടെ നേതൃസ്ഥാനത്തേക്ക് ഇ ശ്രീധരനെ കൊണ്ടുവന്നതിനും പിന്നിൽ അദ്ദേഹത്തിന്‍റെ പരിശ്രമമായിരുന്നു.
അടുത്തിടെ വിഴിഞ്ഞത്തുണ്ടായ വിവാദങ്ങൾക്ക് സമാനമായ സംഭവങ്ങൾ ഉണ്ടാകുമ്പോഴും ജനങ്ങളുമായി നേരിട്ട് സമ്മതിച്ചായിരുന്നു അദ്ദേഹം പ്രശ്‌നപരിഹാരം കണ്ടെത്തിയിരുന്നത്. ശബരിമല മാസ്‌റ്റര്‍ പ്ലാനും അദ്ദേഹത്തിന്‍റെ സംഭാവനകളിൽ ഒന്നാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കണ്ടെത്തിയപ്പോഴും അത് പൊതു ഖജനാവിന്‍റെ ആക്കി മാറ്റണം എന്ന് ആവശ്യം ഉയർന്നിരുന്നു.
എന്നാൽ, ഇത് ക്ഷേത്രത്തിനു തന്നെ ക്ഷേത്രത്തിന്‍റെ വകയായി വിട്ടു നൽകണമെന്ന് അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നു. എല്ലാ മതങ്ങളെയും ഒരുപോലെ കണ്ടിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ ആരോപണമുയർന്നപ്പോഴെല്ലാം അന്തിമ വിജയം സത്യത്തിൻ ആണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
സോളാർ കേസ്, പാം ഓയിൽ കേസ് എന്നിങ്ങനെ നിരവധി ആരോപണങ്ങൾ നേരിട്ട നേതാവാണ്. അദ്ദേഹത്തെ കുറ്റക്കാരനായി ഒരു ഏജൻസിയുടെ അന്വേഷണമോ കോടതിയോ കണ്ടെത്തിയിരുന്നില്ല. എന്നും സൗമ്യമായി ഇടപെടൽ നടത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ശ്രീകുമാർ പറഞ്ഞു.