തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്‌ടര്‍ മുക്ത മേഖലയാക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ. അതീവ സുരക്ഷ മേഖലയിലൂടെ സ്വകാര്യ ഹെലികോപ്‌ടര്‍ പറന്ന സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു സര്‍ക്കാരിന് ശുപാര്‍ശ നൽകിയത്. നിലവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ വിമാനങ്ങളും ഹെലികോപ്‌ടറുകളും പറക്കുന്നതിന് അനുവാദമുണ്ട്.
ഈ സാഹചര്യത്തില്‍ 28 ന് ഹെലികോപ്‌ടര്‍ ക്ഷേത്രത്തിന് മുകളിലൂടെ പറന്ന സംഭവത്തില്‍ നടപടി സ്വീകരിക്കാനാവില്ല. അതേസമയം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ക്ഷേത്രത്തിന്‍റെ മുകളിലൂടെ ഹെലികോപ്‌ടര്‍ പറത്തുന്നതിന് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കമ്മിഷണറുടെ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ മുഖാന്തിരം കേന്ദ്ര വ്യോമയാന ഡയറക്‌ടര്‍ ജനറലിന് (ഡിജിസിഎ) ശുപാര്‍ശ സമര്‍പ്പിക്കും.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും പരിസരവും അതീവ സുരക്ഷ മേഖലയായി സുപ്രീം കോടതി പ്രഖ്യാപിക്കുകയും ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹെലികോപ്‌ടര്‍ വിവാദം അന്വേഷിച്ച കമ്മിഷണര്‍ ഇത്തരത്തില്‍ ഒരു ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കാനിടയുള്ള ഭീതി ഒഴിവാക്കുന്നതിനുമാണ് ശുപാര്‍ശ. ഹെലികോപ്‌ടര്‍ നിരോധിത മേഖലയാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഡിജിസിഎ ആണ്.
ഇക്കഴിഞ്ഞ ജുലൈ 28ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഒരു ഹെലികോപ്‌ടര്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അഞ്ച് തവണ പറന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഹെലികോപ്‌ടര്‍ ഒരു സ്വകാര്യ വ്യോമയാന കമ്പനിയുടെതാണെന്ന് കണ്ടെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായും ദക്ഷിണ വ്യോമസേന കമാന്‍ഡുമായും ബന്ധപ്പെട്ടാണ് ഇക്കാര്യം കമ്മിഷണര്‍ സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മുകളിലൂടെ വിമാനവും ഹെലികോപ്‌ടറും പറക്കുന്നതിന് നിയന്ത്രണമില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവും ഡിജിസിഎയും അറിയിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വളരെ അടുത്ത് സ്ഥതിചെയ്യുന്നതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മുകളില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. എന്നാല്‍ ഹെലികോപ്‌ടറിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തടസമില്ലെന്നും ഡിജിസിഎ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് ഭാവിയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്‌ടര്‍ പറത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ശുപാര്‍ശ കമ്മിഷണര്‍ സര്‍ക്കാരിന് നൽകിയത്. നിലവില്‍ വിമാനങ്ങള്‍ക്കും ഹെലികോപ്‌ടറുകള്‍ക്കും പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണമില്ലെങ്കിലും ഇവിടെ ഡ്രോണ്‍ പറത്തുന്നതിന് നിരോധനമുണ്ട്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ നോമിനിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെ കത്ത് നൽകിയിരുന്നു.
ജുലൈ 28 ന് സ്വകാര്യ ഹെലികോപ്‌ടർ ക്ഷേത്രത്തിന് മുകളിലൂടെ അഞ്ച് പ്രാവശ്യം പറന്നുവെന്ന് പരാതിയില്‍ പറയുന്നു. രാത്രി ഏഴിനാണ് സംഭവമുണ്ടായത്. നിലവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ മുകളിലെ ആകാശമേഖലയില്‍ സുരക്ഷ കാരണങ്ങളാല്‍ വ്യോമയാനത്തിന് നിരോധനമുണ്ട്. സുക്ഷ ഏജന്‍സികളുടെയോ ക്ഷേത്രത്തിന്‍റെയോ അനുമതിയില്ലാതെ സ്വകാര്യ ഹെലികോപ്‌ടര്‍ പറത്തിയതെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഭക്തജനങ്ങള്‍ വലിയ ആശങ്കയിലാണെന്നും ക്ഷേത്രത്തിന്‍റെ മുകളിലൂടെ ഹെലികോപ്‌ടര്‍ പറത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയില്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഹെലികോപ്‌ടര്‍ ഉടമയെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.