കേരളം

kerala

ETV Bharat / state

ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക്: ന്യായീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി; സമരവുമായി മുന്നോട്ട് പോകുമെന്ന് ഉടമകൾ - സ്വകാര്യ ബസ് പണിമുടക്ക്

വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് സമരസമിതി

ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക്  പണിമുടക്ക് ന്യായീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി  സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി  വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപ ആക്കണം  ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു  Private bus strike will start from June 7
ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക്

By

Published : May 24, 2023, 2:05 PM IST

Updated : May 24, 2023, 7:08 PM IST

മന്ത്രി ആന്‍റണി രാജു പ്രതികരിക്കുന്നു

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി ജൂൺ ഏഴ് മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ന്യായീകരിക്കാൻ ആകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വിഷയം ചർച്ച ചെയ്യാൻ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു. അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് സ്വകാര്യ ബസ് ഉടമകൾ.

സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഏറെയും നേരത്തെ നടപ്പിലാക്കിയതാണ്. ചിലത് ഉടൻ നടപ്പാക്കാൻ പോകുന്നതാണെന്നും കൂടിക്കാഴ്‌ചക്ക് ശേഷം ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. 'ഒരു വർഷം മുൻപാണ് അവർ ആഗ്രഹിച്ചതുപോലെ യാത്രാനിരക്ക് വർധിപ്പിച്ചത്. ഇത്തരം സമ്മർദങ്ങളിലൂടെ അനാവശ്യമായ ആവശ്യങ്ങൾ ഉന്നയിച്ച് വീണ്ടും സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് ശരിയാണോ എന്ന് അവർ തന്നെ ചിന്തിക്കണം. സമരവുമായി മുന്നോട്ട് പോകരുതെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളത്', ആന്‍റണി രാജു പറഞ്ഞു.

ട്രാഫിക് നിയമനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറകൾ വഴി ജൂൺ അഞ്ചു മുതൽ തന്നെ പിഴ ഈടാക്കി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. എന്നാൽ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര തീരുമാനം ലഭിക്കാതെ പിഴ ഈടാക്കില്ല.

പൊതുവികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. ജൂൺ അഞ്ചിന് മുൻപ് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സമഗ്രമായ കരാർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ടെക്‌നിക്കൽ കമ്മിറ്റിയുടെ പരിശോധന ആവശ്യമുണ്ട്. ഇത് ജൂൺ അഞ്ചിന് മുൻപ് തന്നെ പൂർത്തിയാക്കുമെന്നും മന്തി കൂട്ടിച്ചേർത്തു.

അതേസമയം എ ഐ ക്യാമറയുടെ പ്രവർത്തനം പരിശോധിക്കാൻ പുതിയ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലാണ് വിദഗ്‌ധ സമിതി. സാങ്കേതിക വശങ്ങൾ പരിശോധിച്ച് ക്യാമറകൾ പ്രവർത്തനമാരംഭിക്കുന്ന ജൂൺ അഞ്ചിന് മുൻപ് റിപ്പോർട്ട് നൽകാനാണ് നിർദേശം.

മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല: അതേസമയം സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഗതാഗത മന്ത്രി ആന്‍റണി രാജു കൃത്യമായ മറുപടി നൽകിയില്ലെന്നും പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും സംയുക്ത സമരസമിതി കൺവീനർ ടി ഗോപിനാഥ് അറിയിച്ചു. ഒരു രൂപയ്ക്ക് വിദ്യാർഥികളെ കൊണ്ടുപോകണമെന്ന നിലപാട് മാറ്റണം.

പെർമിറ്റ് പുതുക്കി നൽകിയില്ലെങ്കിൽ ഈ ബസുകൾ എന്തു ചെയ്യും. സ്വകാര്യ ബസുകളെ പാടേ ഇല്ലാതാക്കാനാണ് സർക്കാരിന്‍റെ നീക്കമെന്നും ടി ഗോപിനാഥ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ബസ് സർവീസ് നടത്തി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് ബസ് യാത്ര നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം നിരക്ക് വർധിപ്പിക്കണം എന്നായിരുന്നു.

എന്നാൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാൻ സർക്കാർ കുറച്ചുകൂടി സമയം ഇതിന് മുൻപ് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ പഠിക്കാൻ പ്ലാനിങ് ബോർഡംഗം രവിരാമൻ അധ്യക്ഷനായ കമ്മറ്റി ഉൾപ്പെടെ വന്നിട്ടും തീരുമാനം എങ്ങുമെത്താതെ നിൽക്കുകയാണെന്നും ബസിൽ യാത്ര ചെയ്യുന്നവരിൽ 70 ശതമാനവും സ്‌കൂൾ വിദ്യാർഥികൾ ആകുമ്പോൾ യഥാർഥത്തിൽ സ്‌കൂൾ വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കില്ലെന്ന പിടിവാശിയിൽ നിന്ന് സർക്കാർ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Last Updated : May 24, 2023, 7:08 PM IST

ABOUT THE AUTHOR

...view details